അവസരങ്ങളുടെ അഭാവം ആണോ സദാചാരം? 1 വയസുകാരി മുതൽ 90 വയസുകാരി വരെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ പീഡിപ്പിക്കപെടുന്ന വാർത്ത കേൾക്കുമ്പോൾ ചോദ്യത്തിന് തീർച്ചയായും പ്രസക്തിയുണ്ട്.. ചിലർക്ക് എല്ലാം തികഞ്ഞ അവസരങ്ങൾ വേണം. ചിലർക്ക് തൂണിന്റെ മറവ് ആയാലും മതി.ബസ്സിലെ തിരക്കായാലും ചിലർ അഡ്ജസ്റ്റ് ചെയ്യും. മറ്റുചിലർ പിടക്കോഴിയെ കാണുമ്പോൾ പൂവൻക്കോഴി കാണിക്കുന്ന മാതിരിയുള്ള ചേഷ്ടകൾ കാണിചെങ്കിലും വികാര പ്രകടനം നടത്തും.അതായത് ശ്വേത മേനോൻ നേരിട്ട, ഇപ്പോൾ ചാനലുകളിൽ നിറയുന്ന 'കടും കൈ' പ്രയോഗം പോലെ.
70 വയസുകാരനായ ജനപ്രതിനിധി വരെ പീഡനത്തിനു മുതിരുമ്പോൾ സ്ത്രീകളെ കയറി പിടിക്കാൻ അവസരങ്ങൾക്കായി കാത്തിരിക്കുകയാണ് പുരുഷ സമൂഹം എന്ന് പരോക്ഷമായെങ്കിലും സമ്മതിക്കേണ്ടതായി വരും. ചാനലുകളിൽ ശ്വേതാ മേനോൻ സഹ പ്രവർത്തകരെ കെട്ടി പിടിക്കുന്നത് കണ്ട് തെറ്റിദ്ധരിച്ചതു മൂലമോ , അതും അല്ലങ്കിൽ കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിച്ചവളെന്ന നിലയിലോ , അതോ പ്രസവം ചത്രീകരിക്കാൻ അനുവദിച്ചവളെന്ന നിലയിൽ എന്തിനും തയ്യാറാകുമെന്ന മിഥ്യാ ധാരണ കൊണ്ടോ ആയിരിക്കാം ശ്വേത മേനോൻ പരസ്യമായി അപമാനിക്കപെട്ടത് .ശ്വേത മേനോൻ മോശക്കാരിയാണന്നു പറയുന്നവർ, മോശക്കാരിയെ ക്ഷണിച്ചു വരുത്തിയത് എന്തിനാണന്ന് കൂടി വിശദ്ധീകരികേണ്ടി വരും. മാധ്യമങ്ങൾ കണ്ണ് മിഴിച്ചു നിൽക്കുമ്പോൾ പരസ്യമായി ശ്വേതയെ കയറിപിടിക്കാൻ 70 വയസുകാരനായ ജനപ്രധിനിധിക്ക് തോന്നിയ ചേതോവികാരത്തെ ലൈംഗീക അരാചകത്വം എന്നും വിളിക്കാം. കൊടികളുടെ നിറം നോക്കി കുറ്റങ്ങൾ വിചാരണ ചെയ്യപെടുമ്പോൾ, തനിക്കു വേണ്ടി ചാനലുകളിൽ പോർ വിളി നടത്താൻ വനിതാ നേതാക്കന്മാർ വരെ ഉണ്ടാകുമെന്നു തെളിഞ്ഞ സ്ഥിതിക്ക് മറ്റു നേതാക്കന്മാർക്കും ഈ രീതി പിന്തുടരാവുന്നതാണ്.
മൂടും മുലയും കാണുമ്പോൾ കൈ തരിക്കുന്ന രാഷ്ട്രീയക്കാരിൽ ചിലർ നേരത്തെ തന്നെ ഈ കഴിവ് തെളിയിച്ചിട്ടുള്ളതാണ്. ഇതൊരു മത്സര ഇനമാക്കി മാറ്റിയാലും തെറ്റില്ല. സൂര്യനെല്ലി കേസിൽ പെട്ട ജനപ്രതിനിധി ഇപ്പോഴും അങ്ങ് ഡൽഹിയിൽ സസുഖം വാഴുന്നു. വിമാന യാത്രയ്ക്കിടെ കൈയ്യബദ്ധം പറ്റിയ ജനപ്രതിനിധി ഇവിടെ മന്ത്രിയായും വിലസുന്നു. ജനാധിപത്യത്തിന്റെ മഹത്തായ കൊട്ടിഘോഷിക്കപെടലുകളിൽ 'ഐസ് ക്രീം' ഉരുകി പോയതും നാം കണ്ടു കഴിഞ്ഞു.ചാനലുകൾക്ക് ആഘോഷിക്കാൻ മറ്റൊരു ഇരയെ കിട്ടുന്നത് വരെ കൊല്ലത്തെ ജനപ്രതിനിധിയുടെ "കടും കൈയും" ചർച്ച ചെയ്യപെടും.