കിളികളുണ്ടാക്കുന്ന കുറുകലുകളെയാണ് ‘ട്വിറ്റര്‍’ എന്ന ഇംഗ്ലീഷ് പദം ധ്വനിപ്പിക്കുന്നത്. ബ്ലോഗിംഗിന്റെ ലോകത്ത് മറ്റൊരു വിസ്മയമായിരിക്കുകയാണ് ഇന്ന് ഈ പദം. ‘ട്വിറ്റര്‍’ എന്ന മൈക്രോ ബ്ലോഗിംഗ് സംവിധാനത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. 2006 ഒക്ടോബറില്‍ ജാക്ക് ഡോസേ എന്ന അമേരിക്കന്‍ കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്‍ ഈ സംരംഭത്തിനു തുടക്കം കുറിച്ചതില്‍ പിന്നെ, ട്വിറ്ററിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ട്വിറ്ററിന്റെ കാര്യത്തിലെന്ന പോലെ, കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ശ്രദ്ധാകേന്ദ്രമാവുകയും ജനപ്രിയത ആര്‍ജ്ജിക്കുകയും ചെയ്ത ഇതരസംരംഭങ്ങള്‍ അധികമില്ല.
കേവലം 140 അക്ഷരങ്ങളിലൊതുങ്ങുന്ന ചെറു സന്ദേശങ്ങളാണ് ട്വീറ്റുകള്‍, അഥവാ ട്വിറ്റര്‍ മെസേജുകള്‍. ചാറ്റു ചെയ്യുമ്പോഴും, ഓര്‍ക്കുട്ടില്‍ വ്യാപരിക്കുമ്പോഴും മറ്റും നിങ്ങള്‍ നല്‍കുന്ന സ്റ്റാറ്റസുകളോടാണ് ഓരോ ട്വീറ്റിനും സാമ്യം. സ്റ്റാറ്റസ് മെസേജുകള്‍ എവിടെയും സൂക്ഷിക്കപ്പെടുന്നില്ല. അവ കാണുന്നത് ചാറ്റില്‍ ചേര്‍ക്കപ്പെട്ടിട്ടുള്ള ഒരുപിടി സുഹൃത്തുക്കള്‍ മാത്രവുമാണ്. എന്നാല്‍ ഈ സ്റ്റാറ്റസ് നിങ്ങളുടേതായ ഒരു പ്രൊഫൈല്‍ പേജില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ശേഖരിച്ച് സൂക്ഷിക്കപ്പെടുകയുമാണ് ട്വിറ്ററില്‍. (കുറച്ചു പേരോടു മാത്രം ട്വീറ്റ് ചെയ്യുവാനാണ് താത്പര്യമെങ്കില്‍ അതിനുള്ള സാധ്യതയും ട്വിറ്ററില്‍ ലഭ്യമാണ്.) ചെറുസന്ദേശങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം സുഹൃത്തുക്കളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുവാനും ട്വിറ്റര്‍ വഴിയൊരുക്കുന്നു. ഓരോ ട്വിറ്റര്‍ മെസേജ് അയയ്ക്കുമ്പോളും, അയച്ച വ്യക്തിയെ പിന്തുടരുന്ന (Followers) ഓരോരുത്തര്‍ക്കും ആ മെസേജ് ലഭിക്കുന്നു. ഒരാള്‍ പിന്തുടരുന്ന വ്യക്തികളുടെയെല്ലാം പുതിയ ട്വീറ്റുകള്‍, അവ പ്രസിദ്ധീകരിക്കപ്പെട്ട സമയത്തിനനുസരിച്ച് ഓരോ ട്വിറ്റര്‍ ഉപയോക്താവിന്റെയും പ്രധാനതാളിലും ലഭ്യമാവുന്നു. ട്വിറ്റര്‍ വെബ്സൈറ്റിലൂടെയല്ലാതെ, ഇന്റര്‍നെറ്റ് ലഭ്യമായ മൊബൈല്‍ ഫോണിലൂടെയും, എസ്.എം.എസ്. മുഖേനയും നിങ്ങള്‍ക്ക് ട്വീറ്റുകള്‍ അയയ്ക്കാവുന്നതാണ്.
എന്താണ് ട്വിറ്ററിന്റെ ഉപയോഗം? |
|
എന്താണ് ട്വീറ്ററിന്റെ ഉപയോഗമെന്ന് ഇനിയും സംശയമുണ്ടോ? അടുത്ത തവണ നിങ്ങളൊരു സിനിമയ്ക്ക പോകുവാന്‍ തയ്യാറെടുക്കുമ്പോള്‍, അത് ഒരു ട്വീറ്റായി കൂട്ടുകാരെയറിയിക്കൂ. മറ്റൊരാള്‍ കൂടി അന്നു സിനിമയ്ക്കു വരുന്നുണ്ടെങ്കില്‍ ഒന്നു കാണുവാനും സൌഹൃദം പുതുക്കുവാനും അപ്പോള്‍ ഇടവരില്ലേ? അതല്ലെങ്കില്‍ നിങ്ങള്‍ക്കെന്തെങ്കിലുമൊരു സംശയമുണ്ട്. ‘വിനോദയാത്ര’ എന്ന സിനിമയില്‍ മീര ജാസ്മിന്‍ ദിലീപിനോടു ചോദിക്കുന്നതുപോലെ “ഒരു കിലോ അരിയുടെ വിലയെന്താണ്?” എന്നതുമാവാം നിങ്ങളുടെ സംശയം. നിങ്ങളെ പിന്തുടരുന്ന സുഹൃത്തുക്കളുടെ എണ്ണമനുസരിച്ച് ഇതിന് ഒരുപിടി ഉത്തരങ്ങള്‍ (ചിലതൊക്കെ സരസമായതും) നിങ്ങള്‍ക്കു പ്രതീക്ഷിക്കാം. ഇനി, ഇതു വെറും കുട്ടിക്കളിയാണെന്നും കരുതേണ്ടതില്ല. കേന്ദ്രസഹമന്ത്രിയായ ഡോ. ശശി തരൂരും [http://twitter.com/ShashiTharoor], എം.പി.യായ ശ്രീ. കെ. സുധാകരനും [http://twitter.com/ksudhakaranMP] ട്വിറ്ററിലൂടെ ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുവാന്‍ ശ്രമിക്കുന്നവരാണ്.
|
ഇതെഴുതുന്ന സമയം ഡോ. തരൂരിന്റെ ട്വിറ്റര്‍ പേജാണ് ചിത്രത്തില്‍. ആ സമയം അദ്ദേഹം ട്വിറ്റ് ചെയ്ത ഏറ്റവും പുതിയ സന്ദേശം ശ്രദ്ധിക്കൂ. രാഹുല്‍ ഗാന്ധിയുടെ ആരോപണവിധേയമായ ട്വീറ്റര്‍ അക്കൌണ്ട് അദ്ദേഹത്തിന്റേതല്ല എന്നാണ് ഡോ. തരൂര്‍ അദ്ദേഹത്തെ പിന്തുടരുന്ന എല്ലാവരേയും അറിയിക്കുന്നത്. മാത്രവുമല്ല, അക്കൌണ്ട് വേരിഫൈ ചെയ്തിട്ടുണ്ടോ എന്നതു ശ്രദ്ധിക്കുവാനും പറഞ്ഞിരിക്കുന്നു. പ്രശസ്തരുടെ പേരില്‍ അക്കൌണ്ടുകള്‍ നിര്‍മ്മിച്ച്, അവരുടെ പേരില്‍ സന്ദേശങ്ങള്‍ അയയ്ക്കുക എന്ന ദുരുപയോഗം തടയുവാനായി ട്വിറ്റര്‍ സ്വീകരിച്ചിരിക്കുന്ന മാര്‍ഗമാണ് വേരിഫൈഡ് അക്കൌണ്ടുകള്‍. ഡോ. ശശി തരൂറിന്റേത് ഒരു വേരിഫൈഡ് അക്കൌണ്ട് ആണ് എന്നതും ചിത്രത്തില്‍ നിന്നും മനസിലാക്കാം. അതായത് ഈ ട്വിറ്റര്‍ പേജിന്റെ ഉടമ യഥാര്‍ത്ഥത്തില്‍ ഡോ. ശശി തരൂര്‍ തന്നെയെന്ന് ട്വിറ്റര്‍ സാക്ഷ്യപ്പെടുത്തുന്നുവെന്ന് സാരം. ഇനി നിങ്ങള്‍ക്കും ഡോ. ശശി തരൂറിനോട് നേരിട്ട് സംവേദിക്കാം, വേണ്ടത് ഒരു ട്വിറ്റര്‍ അക്കൌണ്ട് മാത്രം!
നിങ്ങളുടെ ട്വീറ്റുകള്‍ ബ്ലോഗുകളിലും ഇതര വെബ്സൈറ്റുകളിലും പ്രദര്‍ശിപ്പിക്കുവാനും; താത്പര്യം തോന്നുന്നവര്‍ക്ക് അവ പിന്തുടരാനും സാധ്യതയൊരുക്കുന്ന വിഡ്ജറ്റുകളും ഇന്നുണ്ട്. പുതിയതായി ഒരു ബ്ലോഗ് പോസ്റ്റ് ചെയ്താല്‍, രസകരമായ ഒരു പോസ്റ്റ് ശ്രദ്ധയില്‍ പെട്ടാല്‍, ഒരു ചര്‍ച്ചയില്‍ കൂടുതല്‍ കൂട്ടുകാരെ പങ്കുകൊള്ളിക്കുവാന്‍ എന്നിങ്ങനെ പല ആവശ്യങ്ങള്‍ക്കും ട്വിറ്റര്‍ ഇന്ന് ഉപയോഗിക്കുന്നു. ഐസക് ന്യൂട്ടണും, കൊളംബസും മറ്റും ജീവിച്ചിരുന്നപ്പോള്‍ ട്വിറ്റര്‍ ഉണ്ടായിരുന്നെങ്കില്‍ അവരെങ്ങിനെയാവും ട്വീറ്റ് ചെയ്തിരുന്നത്? ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന രസകരമായൊരു ട്വിറ്റര്‍ നര്‍മ്മമാണ് ചിത്രത്തില്‍.
(2009 സെപ്റ്റംബര്‍ ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)
No comments:
Post a Comment