എഴുന്നൂറ് കോടി കടക്കുമ്പോള്‍
31.10.2011-ന് ജനിച്ച നര്‍ഗീസ് എന്ന കുട്ടി ലോകജനസംഖ്യയെ എഴുന്നൂറ് കോടി കടത്തിയിരിക്കുന്നു. ഉത്തര്‍പ്രദേശിലെ മാള്‍ എന്ന പ്രദേശത്തെ കര്‍ഷകനായ അജയ് കുമാറും വിനീതയുടെയും മകള്‍. ഒരു സെക്കന്റില്‍തന്നെ നാലില്‍ കൂടുതല്‍ കുട്ടികള്‍ ശരാശരി ജനിക്കുന്ന ലോകത്ത് ഏതെങ്കിലും ഒരു കുട്ടിയെ ഏഴാം ബില്യണ്‍ ബേബി ആക്കുന്നത് വാര്‍ത്തയ്ക്ക് വേണ്ടി മാത്രമാണെന്ന് വ്യക്തമാണല്ലോ.
ഏതായാലും ജനസംഖ്യയെപ്പറ്റിയുള്ള ഒരു ചര്‍ച്ചയ്ക്ക് നര്‍ഗീസ് ഇടയാക്കി എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. ഏതാണ്ട് മുപ്പത് വര്‍ഷം മുമ്പുവരെപോലും, ജനസംഖ്യകൂടുന്നത് പൊതുവേ മോശമായ ഒരു കാര്യമാണെന്നും അതുകൊണ്ട് ജനസംഖ്യാനിയന്ത്രണം പ്രോത്സാഹിക്കപ്പെടേണ്ടതാണെന്നും ആയിരുന്നു പൊതുവെ ഉള്ളചിന്താഗതി. എന്നാല്‍ ലോകത്തിന്റെ പലേടത്തും വയസ്സന്‍മാരുടെ എണ്ണം കൂടാനും ജനസംഖ്യാവളര്‍ച്ചനിരക്ക്, ജനസംഖ്യയെ ഒരേ നിലയില്‍ നിലനിര്‍ത്താന്‍ ആവശ്യമായതിലും കുറഞ്ഞു തുടങ്ങിയതോടെ ഈ ചിന്താഗതി മാറിത്തുടങ്ങി. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക, എല്ലാവര്‍ക്കും ലൈംഗികവിദ്യാഭ്യാസം കൊടുക്കുക, ആവശ്യമുള്ളവര്‍ക്ക് ഗര്‍ഭനിരോധനത്തിനുള്ള ഉപാധികള്‍ കിട്ടാന്‍ സൗകര്യമുണ്ടാക്കുക, കുട്ടികളെ വളര്‍ത്താന്‍ അനുയോജ്യമായ തരത്തില്‍ ജോലിസ്ഥലത്തും മറ്റുള്ളിടത്തും പദ്ധതികളും നയങ്ങളും രൂപീകരിക്കുക എന്നൊക്കെയാണ് ഇപ്പോഴത്തെ ജനസംഖ്യാശാസ്ത്രരംഗത്തെ ചിന്തകള്‍.
ഇന്ത്യയും ചൈനയും ആണല്ലോ ജനസംഖ്യാരംഗത്തെ രണ്ടു ഭീമന്‍മാര്‍. ഇപ്പോള്‍ ചൈനയാണ് ലോകത്ത് ഒന്നാമത്. പക്ഷെ ഈ സ്ഥിതി 2030 ഓടെ മാറുമെന്നാണ് ഇപ്പോഴത്തെ പ്രവചനം.(ജനസംഖ്യാപ്രവചനം ഭാവി പ്രവചനംപോലെ കറക്കിക്കുത്ത് അല്ല. വാസ്തവത്തില്‍ ഇത് പ്രൊജക്ഷന്‍ ആണ്, പ്രെഡിക്ഷന്‍ അല്ല) മാത്രമല്ല ജോലിയെടുക്കുന്ന പ്രായത്തിലുള്ള ആളുകളുടെ എണ്ണം ഇന്ത്യയില്‍ ചൈനയിലേതിനേക്കാളും വേഗത്തില്‍ വര്‍ദ്ധിക്കും. 2020 ആകുന്നതോടെ ചൈനയിലെ ജോലിയെടുക്കുന്ന പ്രായത്തില്‍ ഉള്ളവരുടെ എണ്ണം കുറഞ്ഞു തുടങ്ങും. ജോലിയെടുക്കുന്ന പ്രായത്തില്‍ ഉള്ള ആളുകളുടെ എണ്ണമാണ് സാമ്പത്തിക വളര്‍ച്ചക്ക് ഏറ്റവും അനുകൂലമായ ഒരു കാര്യം. അതുകൊണ്ടുതന്നെ 2030-ഓടെ ഇന്ത്യക്ക് ചൈനയുടെ മേല്‍ ഒരു സെമോഗ്രാഫിക്ക് അഡ്‌വാന്റേജ് (ജനസംഖ്യാമൂലമുള്ള മുന്‍തൂക്കം) ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്.
ജോലിയെടുക്കുന്ന പ്രായത്തില്‍ ഉള്ളവരുടെ എണ്ണം ഒരു നല്ലകാര്യം ആണെന്നൊക്കെ വിദഗ്ദ്ധന്‍മാര്‍ പറയുമെങ്കിലും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജോലി ഉണ്ടാകുക എന്നത് എളുപ്പമുള്ള കാര്യമല്ല.
'രാത്രിയില്‍ നിങ്ങളുടെ ഉറക്കം കെടുത്തുന്ന ചിന്ത എന്താണ്' എന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ചൈനീസ് പ്രധാനമന്ത്രിയായ ഹുജിന്റാവോയോട് ചോദിച്ചതായി അദ്ദേഹം ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. ' രണ്ടര കോടി ചൈനീസ് യുവതി യുവാക്കള്‍ക്ക് പ്രതിവര്‍ഷം ജോലി കണ്ടെത്തുന്നത്' എന്നായിരുന്നുവത്രെ ഹുജിന്റാവോയുടെ ഉത്തരം.
അപ്പോള്‍ പോപ്പുലേഷനും പോപ്പുലേഷന്‍ അഡ്വാന്റേജും ഒക്കെ വച്ച് കിടന്നുറങ്ങിയാല്‍ വളര്‍ച്ച ഉണ്ടാവില്ല. വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് ആവശ്യത്തിനുള്ള വിദ്യാഭ്യാസം കൊടുക്കുകയും തൊഴില്‍ കണ്ടെത്താനുള്ളസാഹചര്യങ്ങള്‍ ഒരുക്കുകയും വേണം.
2011 ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 121 കോടി ജനങ്ങള്‍ ഉണ്ട്. ഇവരില്‍ 18.7 കോടി ആളുകള്‍ 2001 നു ശേഷം ജനിച്ചവര്‍ ആണ്. -187,000,000 ആളുകള്‍
ഐക്യരാഷ്ടരാഷ്ട്രസഭയില്‍ അംഗങ്ങളായി ഇപ്പോള്‍ 193 രാജ്യങ്ങള്‍ ഉണ്ട്. അവയില്‍ എത്ര എണ്ണത്തില്‍ 18.7 കോടിയില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്നു പറയാമോ?
ഉത്തരം അഞ്ച്
ചൈന - 134 കോടി
ഇന്ത്യ - 121 കോടി
അമേരിക്ക - 31.2 കോടി
ഇന്തോനേഷ്യ- 23.7 കോടി
ബ്രസീല്‍ - 19 കോടി
തീര്‍ന്നു. പിന്നീടുവരുന്ന 188 രാജ്യങ്ങളിലും 18.7കോടിയില്‍ താഴെ ജനസംഖ്യയേ ഉള്ളൂ.
കൗതുകകരമായ ചില നമ്പറുകള്‍ കൂടെ നോക്കാം.
ഒന്നാമത് ഐക്യരാഷ്ടരസഭയിലെ പകുതി അംഗരാജ്യങ്ങളിലെ ജനസംഖ്യ ഒരുമിച്ചുകൂട്ടിയാല്‍ ഈ 18.7 കോടിയുടെ അടുത്തുവരില്ല. രണ്ടാമത് ഇന്ത്യയില്‍ കഴിഞ്ഞ പത്തു വര്‍ഷം ഉണ്ടായ പുതിയ ഇന്ത്യാക്കാരുടെ എണ്ണം പാകിസ്താനിലെ മൊത്തം ജനസംഖ്യയില്‍ കൂടുതല്‍ ആണ്. ക്രിക്കറ്റ് താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ 2025 ല്‍ ഇന്ത്യക്ക് വലിയ ഡെമോഗ്രാഫിക് അഡ്വാന്റേജ് ഉറപ്പ്. ഇതെല്ലാം പൊങ്ങച്ചത്തിനു പറ്റിയ നമ്പറുകള്‍ ആണെങ്കിലും പുതിയതായി ഉണ്ടാകുന്ന തലമുറക്ക് ഭക്ഷണം, വിദ്യാഭ്യാസം, തൊഴില്‍ എന്നിങ്ങനെയുള്ള പ്രാഥമിക കാര്യങ്ങള്‍പോലും ഉണ്ടാക്കിക്കൊടുക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്തം ആണ്.
ഉദാഹരണത്തിന് തൊഴില്‍ തന്നെ എടുക്കൂ. പുതുതായിവരുന്ന ഈ തലമുറ എവിടെ എന്തു ജോലികള്‍ ആവും ചെയ്യുക. പരമ്പരാഗതമായിരുന്ന കാര്‍ഷികരംഗത്തെ തൊഴിലുകള്‍ കുറച്ചുകൊണ്ട് പുറത്തേക്ക് പോകാം എന്നുവെച്ചാല്‍ അതിനൊരു പരിധിയുണ്ട്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇന്ത്യക്ക്പുറത്ത് ജോലി ചെയ്ത് ജീവിക്കുന്ന ഇന്ത്യാക്കാരുടെ എണ്ണം 330 ലക്ഷം ആണ്. അപ്പോള്‍ പുതിയതായിവരുന്ന 18.7 കോടിയുടെ പ്രധാന ആശ്രയം അതല്ല എന്നു വ്യക്തം. മറ്റ് ഏതു മേഖലയില്‍ ആണ് ഇത്രമാത്രം തൊഴില്‍ ഉണ്ടാക്കാന്‍ പറ്റുന്നത്? അതിനുവേണ്ടി കുട്ടികള്‍ എന്താണ് പഠിക്കേണ്ടത്? ഇതൊന്നും ഇപ്പോള്‍ ആലോചിക്കാതെ കുട്ടികള്‍ എന്തെങ്കിലും ഒക്കെ പഠിക്കട്ടെ ജോലി എന്തെങ്കിലും ഉണ്ടാകട്ടെ, അവസാനം ആഡംസ്മിത്തിന്റെ അദൃശ്യകരങ്ങള്‍ എല്ലാ ശരിയാകുമെന്നു കരുതി നമുക്ക് സുഖമായിക്കിടന്ന് ഉറങ്ങാമോ?
ജനസംഖ്യാപ്രവചനം പോലുള്ള മറ്റൊരു പ്രവചനമാണ് 2040-ഓടെ ഇന്ത്യ ചൈനക്കും അമേരിക്കക്കും പിന്നില്‍ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തി ആകുമെന്നത്. ഇതും ഒരു പ്രൊജക്ഷന്‍ ആണ്. ഇപ്പോഴത്തെ നിലയിലും അടുത്ത കാലത്തെ വളര്‍ച്ചാനിരക്കും എല്ലാം കൂട്ടിക്കിഴിച്ചുള്ള ഒന്ന്. പക്ഷെ ഇത് സ്വയം പൂര്‍ത്തീകരിക്കപ്പെടുന്ന ദൈവിക പ്രവചനം അല്ല. ഓരോ സമയത്തും വേണ്ട നയങ്ങളും പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയാല്‍ മാത്രം സംഭവിക്കുന്നതാണ്. സാമ്പത്തിക കാര്യത്തില്‍ മാത്രമല്ല രാഷ്ട്രീയമായും സൈനികമായും ഒക്കെ നമ്മുടെ ചുറ്റും നടക്കുന്ന സംഭവവികാസങ്ങളോട് ഉടനുടന്‍ പ്രതികരിച്ച് നമ്മെ വളര്‍ച്ചയുടെ വഴിയില്‍ തന്നെ നിലനിര്‍ത്തിയാല്‍ മാത്രമേ പ്രവചനങ്ങള്‍ ശരിയായി വരൂ. ഈ പ്രവചനം ശരിയായിവരണമെന്ന് പ്രവചിച്ചവര്‍ക്കോ മറ്റുള്ളവര്‍ക്കോ ഒരു താല്പര്യവും നിര്‍ബന്ധവും ഇല്ല എന്നുകൂടി നാം ഓര്‍ക്കേണ്ടതാണ്. മുന്‍കിട സാമ്പത്തിക രംഗത്തുനിന്നും പിന്നോട്ടു പോകുന്ന ജപ്പാനോ യൂറോപ്യന്‍ ശക്തികളോ ഒന്നും കയ്യും കെട്ടി നോക്കിയിരിക്കാന്‍ പോകുന്നില്ല. മാത്രമല്ല അവര്‍ പിന്നോട്ടു പോയതുകൊണ്ടുമാത്രം നാം മുന്നോട്ടുവരണമെന്നും ഇല്ല.
ജനസംഖ്യയുടെ വളര്‍ച്ചക്കനുസരിച്ച് രാഷ്ട്രീയ രംഗത്തും മാറ്റങ്ങള്‍ക്ക് നാം തയ്യാറാകണം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ആണല്ലോ നാം. ഈ ജനാധിപത്യമാണ് നമ്മെ ചൈനയില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നത്. ഇതാണ് നമ്മുടെ ഒരു ശക്തിയും. എന്നാല്‍ ജനസംഖ്യയുടെ വര്‍ദ്ധനക്ക് അനുസരിച്ച് നമ്മുടെ ജനാധിപത്യവും പരിഷ്‌കരിക്കേണ്ടതാണ്. ഒരു കാര്യം മാത്രം ഇപ്പോള്‍ പറയാം..
ഇന്ത്യയില്‍ ഇപ്പോള്‍ ഏതാണ് 60 കോടി സമ്മതിദായകര്‍ ഉണ്ട്. പാര്‍ലിമെന്റ് മണ്ഡലങ്ങളുടെ എണ്ണം 542 ഉം. ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും ശരാശരി മണ്ഡലത്തിലെ സമ്മതിദായകരുടെ എണ്ണം പത്തു ലക്ഷത്തില്‍ കൂടുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തില്‍ (ആന്ധ്രപ്രദേശിലെ മല്‍ക്കാജഗിരി) 23 ലക്ഷം സമ്മതിദായകര്‍ ഉണ്ടായിരുന്നു. (ഇതുതന്നെ കുറവാണ്. 2008 വരെ ഔട്ടര്‍ ഡെല്‍ഹി മണ്ഡലത്തില്‍ മുപ്പത്തി മൂന്നു ലക്ഷം വോട്ടര്‍മാര്‍ ഉണ്ടായിരുന്നു) ഈ 23 ലക്ഷം വോട്ടര്‍മാര്‍ക്കുകൂടി ഒരു പ്രതിനിധിയാണ് പാര്‍ലമെന്റില്‍ ഉള്ളത്.
87 പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്ള സിംഗപ്പൂരിലെ മൊത്തം സമ്മതിദായകരുടെ എണ്ണം എത്രയാണെന്നോ ?
ഇരുപത്തിമൂന്നു ലക്ഷം. ഇരുപത്തിമൂന്നു ലക്ഷത്തില്‍ താഴെ മൊത്തം ജനസംഖ്യഉള്ള രാജ്യങ്ങള്‍ മൂന്നു ഡസനെങ്കിലും കാണും.
ഒരു മണ്ഡലത്തിലെ സമ്മതിദായകരുടെ എണ്ണം കൂടിക്കൊണ്ടിരുന്നാല്‍ എന്താണ് പ്രശ്‌നം?
പല പ്രശ്‌നങ്ങള്‍ ഉണ്ട്. ഒന്നാമതായി പത്തുലക്ഷത്തിനുമീതെ വോട്ടര്‍മാരുള്ള ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിക്ക് സമ്മതിദായകരുമായി ബന്ധപ്പെടാന്‍ ഇപ്പോഴത്തെ സംവിധാനങ്ങള്‍ മതിയാവില്ല. ന്യായമായ ഒരു കാമ്പയിന്‍ നടത്തണമെങ്കില്‍ ചെലവും സമയവും വളരെ അധികം വേണം. അതുകൊണ്ടുതന്നെ സാമ്പത്തിക ഭദ്രതയുള്ള ആളുകള്‍ക്കോ പാര്‍ട്ടിക്കോ അല്ലാതെ മത്സരരംഗത്ത് നിലനില്‍ക്കാന്‍ രണ്ടാമത്തെ പ്രശ്‌നം നമ്മുടെ തിരഞ്ഞെടുപ്പിന്റെ രീതി ആണ്. ഇപ്പോഴത്തെ രീതിയില്‍ പോള്‍ ചെയ്തതില്‍ ഏറ്റവും കൂടുതല്‍ വോട്ടുകിട്ടിയ ആള്‍ ആണല്ലോ ജയിക്കുന്നത്. അപ്പോള്‍ വിജയിക്കുന്ന ആള്‍ക്ക് പോള്‍ ചെയ്തതിന്റെ പകുതിയില്‍ കൂടുതല്‍ കിട്ടണം എന്നില്ല. ഇപ്പോഴത്തെ ലോക്‌സഭയില്‍ 89 എം.പി.മാര്‍ക്ക് മാത്രമാണ് പോള്‍ ചെയ്തതിന്റെ പകുതിയില്‍ കൂടുതല്‍ വോട്ടെങ്കിലും കിട്ടിയിട്ടുള്ളത്. രണ്ടില്‍ കൂടുതല്‍ കക്ഷികള്‍ പ്രബലമായിട്ടുള്ള സംസ്ഥാനങ്ങളില്‍ പോള്‍ ചെയ്തതിന്റെ മുപ്പതു ശതമാനത്തിലും കുറവുള്ള 32 എം.പിമാരും നമുക്ക് ഉണ്ട്. സാങ്കേതികമായി പറഞ്ഞാല്‍ മണ്ഡലത്തിലെ ഭൂരിഭാഗം പേരും ഇവര്‍ക്ക് എതിരെ വോട്ടു ചെയ്തവര്‍ ആണ്. എന്നിട്ടും അവരെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്നത് ഇവരാണ്.
മണ്ഡലത്തിലെ മൊത്തം സമ്മതിദായകരുടെ എണ്ണം കുറവാണെങ്കിലും ഇതേ അനുപാതം സംഭവിക്കാം. പക്ഷെ മണ്ഡലത്തിലെ സമ്മതിദായകരുടെ എണ്ണം പത്തുലക്ഷമോ അതിനു മുകളിലോ ആവുകയും ജയിക്കുന്ന ആള്‍ക്ക് 1-2 ലക്ഷം വോട്ടുമാത്രം കിട്ടുകയും ചെയ്യുമ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ആള്‍ പ്രതിനിധീകരിക്കാത്ത ആശയങ്ങളും നയങ്ങളും ഉള്ള ആളുകളുടെ എണ്ണം ലക്ഷക്കണക്കിന് ആകും. ഇതൊരു സ്ഥിരം കഥയായാല്‍ ഇങ്ങനെ തിരഞ്ഞെടുപ്പു രീതി കാരണം പ്രാതിനിധ്യം ഇല്ലാത്ത ആളുകള്‍ മറ്റു രീതിയില്‍സംഘടിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും ശ്രമിക്കും. അത് ജനാധിപത്യത്തെ കുഴപ്പത്തില്‍ ചാടിക്കും.
മണ്ഡലങ്ങളുടെ എണ്ണം കൂടുക, ആനുപാതികസംവരണം ഏര്‍പ്പെടുത്തുക, ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിക്ക് 50 ശതമാനത്തിനുമുകളില്‍ കിട്ടുന്നതിനുവേണ്ടി ഒരു രണ്ടാം വട്ട തിരഞ്ഞെടുപ്പു നടത്തുക എന്നിങ്ങനെ പല പോംവഴികളും ഉണ്ട്. പക്ഷെ പ്രധാനമായകാര്യം ജനസംഖ്യ വര്‍ദ്ധിക്കുമ്പോള്‍ ഈ കാര്യങ്ങളെ ഒക്കെപ്പറ്റി ഗഹനമായ ചര്‍ച്ച നടത്തുക എന്നതാണ്.