ഉസാമയെ കൊലയ്ക്കുകൊടുത്തത് സവാഹിരിയെന്ന് പുസ്തകം
വാഷിങ്ടണ്‍: ഉസാമ ബിന്‍ ലാദന്റെ കൊലപാതകത്തിന് വഴിവെച്ചത് 'അല്‍ ഖ്വെയ്ദ'യുടെ ഇപ്പോഴത്തെ തലവന്‍ അയ്മന്‍ അല്‍-സവാഹിരിയെന്ന് വെളിപ്പെടുത്തല്‍. പാകിസ്താനിലെ ആബട്ടാബാദില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഉസാമയുടെ അടുത്തേക്ക് സന്ദേശവാഹകനെ തുടര്‍ച്ചയായി അയച്ച് ഒളിത്താവളം അമേരിക്കയുടെ ശ്രദ്ധയില്‍പ്പെടുത്തിയത് സവാഹിരിയുടെ തന്ത്രമായിരുന്നെന്ന് മുന്‍ യു.എസ്. സീല്‍ കമാന്‍ഡോ ചുക് ഫാറെറാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ 'സീല്‍ ടാര്‍ഗെറ്റ് ജെറോനിമോ' എന്ന 225 പേജ് വരുന്ന പുസ്തകം ഉസാമയുടെ മരണമാണ് ചര്‍ച്ചചെയ്യുന്നത്.
കണ്ടുപിടിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് സന്ദേശവാഹകനായ അബുഅഹമ്മദ് അല്‍ കുവൈറ്റിയെ ഉസാമയുടെ അടുത്തേക്ക് സവാഹിരി അയച്ചിരുന്നത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ ഉസാമയുടെ ആബട്ടാബാദിലെ ഒളിയിടത്തേക്ക് അമേരിക്കയെ നയിച്ചത് സവാഹിരിയാണ്. സങ്കീര്‍ണവും നിരന്തരവുമായ സുരക്ഷാവീഴ്ച വരുത്തിയാണ് അദ്ദേഹം ഇത് സാധിച്ചത് -പുസ്തകം പറയുന്നു.
റഷ്യയെക്കൊണ്ട് ഉസാമയെ കൊല്ലിക്കാനും സവാഹിരി ശ്രമിച്ചുവെന്ന് ഫാറെര്‍ ആരോപിക്കുന്നു. എന്നാല്‍, അതിന് അദ്ദേഹത്തിന് കഴിഞ്ഞില്ല. അഡ്രീനല്‍ ഗ്രന്ഥിയെ ബാധിച്ചിരുന്ന അഡിസണ്‍സ് രോഗംമൂലം ഉസാമ മരിക്കുമെന്നും അദ്ദേഹം കരുതി. എന്നാല്‍ അതുമുണ്ടായില്ല. അതുകൊണ്ടാണ് അന്തിമനടപടി എന്ന നിലയില്‍ സന്ദേശവാഹകനെ ഉപയോഗിച്ച് ഒളിയിടം കാട്ടിക്കൊടുക്കുക എന്ന തന്ത്രം സ്വീകരിച്ചത് - പുസ്തകം പറയുന്നു. ഇസ്‌ലാമികഭരണം കൊണ്ടുവരാന്‍ അക്രമമാര്‍ഗം സ്വീകരിക്കാന്‍ 30 വര്‍ഷമായി കിണഞ്ഞുപരിശ്രമിച്ചുകൊണ്ടിരിക്കുന്ന ആളാണ് അറുപതുകാരനായ സവാഹിരിയെന്നും ഫാറെര്‍ അഭിപ്രായപ്പെടുന്നു.
ഉസാമയുടെ ഒളിയിടത്തെക്കുറിച്ച് ഐ.എസ്.ഐ.ക്ക് അറിയാമായിരുന്നെന്നും സവാഹിരിക്ക് സുരക്ഷിത താവളം ഒരുക്കിക്കൊടുത്തിരുന്നത് അവരാണെന്നും ഫാറെര്‍ ആരോപിക്കുന്നു. ഉസാമയെ വധിച്ച സീല്‍ സംഘാംഗങ്ങളുമായും യു.എസ്. സേനയിലെയും ഒബാമ ഭരണകൂടത്തിലെയും ആളുകളുമായും സംസാരിച്ചാണ് അദ്ദേഹം പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
മെയ് രണ്ടിന് ഉസാമ കൊല്ലപ്പെടുന്നതിന് 20 മിനിറ്റ് മുമ്പുവരെ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ ഗോള്‍ഫ് കളിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്. ഉസാമയുടെ മരണം അറിഞ്ഞശേഷം അദ്ദേഹം വൈറ്റ് ഹൗസിലെത്തി വിജയം പ്രഖ്യാപിക്കുകകയായിരുന്നു. ഉസാമയ്ക്ക് അമേരിക്ക നല്‍കിയിരുന്ന രഹസ്യനാമം 'ജെറോനിമോ' എന്ന് മാത്രമല്ല, 'ബെര്‍ട്ട്' എന്നുകൂടിയുണ്ടായിരുന്നു. ഉസാമയെ കൊന്ന ശേഷം 'ദൈവത്തിനും രാജ്യത്തിനുംവേണ്ടി' എന്ന് ആക്രമണം നടത്തിയ സേനാംഗങ്ങള്‍ പറഞ്ഞില്ല. ഉസാമയുടെ മുറിയിലേക്ക് സേനാംഗങ്ങള്‍ കടന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ അലറി വിളിച്ചില്ല. ഉസാമയുടെ മരണദൃശ്യം ഒബാമയും സംഘവും കാണുന്നു എന്ന പേരില്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ അതിന്റെയല്ല. ഉസാമ വധത്തില്‍ ഒബാമയ്ക്കുള്ള പങ്ക് പൊലിപ്പിച്ചുകാട്ടുന്നതാണ്. പദ്ധതി പൊളിഞ്ഞാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനായി ഗോള്‍ഫ് കോഴ്‌സില്‍ സമയം ചെലവഴിക്കുകയായിരുന്നു ഒബാമ -എന്നിങ്ങനെയാണ് പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍.