www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Wednesday, March 2, 2011

സൈലന്റ്‌വാലി പിറവം എം കെ എം ഹയര്‍ സെക്കന്ററി  സ്കൂളിലെ എന്‍ എസ്‌ എസ്‌ പ്രവര്‍ത്തകര്‍ സൈലെന്റ് വാലിയില്‍....             Photo : Reji P Varghese

സൈലന്റ്‌വാലിയില്‍ നില്ക്കുമ്പോള്‍ ശിരസ്സ് അറിയാതെ ഉയര്‍ന്നുപോകുന്നു. ഈ നിത്യഹരിത മഴക്കാടിനുമപ്പുറത്ത് ഒരു സ്വകാര്യ അഹങ്കാരം മലയാളിക്കുണ്ടാവാനിടയില്ല. 

                     പിറവം എം കെ എം ഹയര്‍ സെക്കന്ററി  സ്കൂളിലെ എന്‍ എസ്‌ എസ്‌ പ്രവര്‍ത്തകരുടെ കൂടെയാണ് സൈലെന്റ് വാലിയില്‍ പോകാന്‍ അവസരം കിട്ടിയത്.പരിസ്ഥിതി പഠന ക്യാമ്പിന്റെ ഭാഗമായാണ് കുട്ടികള്‍  സൈലെന്റ് വാലിയില്‍ എത്തിയത്.കേരള വനം വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു മൂന്ന്  ദിവസം നീണ്ടു നിന്ന യാത്ര.  മണിക്കൂറുകള്‍ നീണ്ട യാത്രക്കൊടുവില്‍ സൈലന്റ്‌വാലി മുക്കാലിയിലുള്ള  ദേശീയപാര്‍ക്കില് എത്തിയപ്പോള്‍ എല്ലാവരും നന്നേ ഷീണിച്ചിരുന്നു. പക്ഷെ സൈലെന്റ്വാലി കാടുകളെ മുത്തമിട്ടൊഴുകുന്ന ഭവാനി പുഴയിലെ കുളി എല്ലാവര്‍ക്കും ജീവിതത്തിലെ മറക്കാത്ത അനുഭവം ആയി.പ്രകൃതിയോടിണങ്ങി കഴിയുന്ന ആദിവാസികളുടെ ജീവിതരീതി അത്ഭുതത്തോടെയാണ് എല്ലാവരും നോക്കി കണ്ടത്.
                 മഴക്കാടുകളുടെയും കന്യാവനങ്ങളുടെയും മനംനിറയ്ക്കുന്ന ദൃശ്യങ്ങളാണ് സൈലന്റ്‌വാലി ദേശീയപാര്‍ക്കില്‍. സുകൃതംകൊണ്ടുമാത്രം വിനാശത്തിന്റെ കോടാലിക്കൈകളില്‍നിന്ന് രക്ഷപ്പെട്ട ഈ വനസ്ഥലി മാനവരാശിയുടെ പൈതൃകസമ്പത്തിന്റെ ഭാഗം തന്നെ.
                      വന സംരക്ഷണത്തിന്റെയും വൃക്ഷങ്ങള്‍ നടുന്നതിന്റെയുമെല്ലാം ആവശ്യകത വിളിച്ചോതുന്ന ഫിലിം പ്രദര്‍ശനം,ക്ലാസ്സുകള്‍ തുടങ്ങിയവയും നടന്നു.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍ ശിവദാസ്‌,ഡി എഫ് ഒ മാരായ   സാബി  വര്‍ഗീസ്‌,ജോണ്‍ തോമസ്,ഗാര്‍ഡ് അജയന്‍ തുടങ്ങിയവര്‍ ക്ലാസ്സെടുത്തു. എന്‍ എസ്‌ എസ്‌ പ്രോഗ്രാം ഓഫീസര്‍ ബെന്നി വി വര്‍ഗീസ്‌ ക്യാമ്പിനു നേതൃത്ത്വം നല്‍കി.
                    പശ്ചിമഘട്ടമലനിരകളില്‍ പാലക്കാട്, മലപ്പുറം ജില്ലകളിലായാണ് പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. 89.52 ചതുരശ്ര കി. മീറ്ററാണ് വിസ്തൃതി. ചുറ്റുമായി 148 ചതുരശ്ര കി. മീറ്റര്‍ ബഫര്‍സോണും ഉണ്ട്. സമുദ്രനിരപ്പില്‍നിന്ന് 900 മീറ്റര്‍ മുതല്‍ 2300 മീറ്റര്‍വരെ ഉയരത്തിലാണ്.
സൈലന്റ്‌വാലിയില്‍ അംഗിണ്ട (2383 മീറ്റര്‍)യാണ് ഏറ്റവും ഉയരമേറിയയിടം. മുക്കാലിയില്‍ നിന്ന് 22 കി. മീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ച് സൈരന്ധ്രിയിലെത്തിയാല്‍ വാച്ച്ടവറുണ്ട്. ഇവിടെ സൈലന്റ്‌വാലിയുടെ ഒരു വിസ്തൃതക്കാഴ്ച ലഭിക്കും.
               1847 മുതലേതന്നെ ഈ വനമേഖല സൈലന്റ്‌വാലി എന്നുവിളിക്കപ്പെട്ടിരുന്നതായി ചരിത്രംപറയുന്നു. 1914 ല്‍ റിസര്‍വ്‌വനമായി പ്രഖ്യാപിക്കപ്പെട്ടു. 1928-29 ല്‍ കുന്തിപ്പുഴയോരത്തെ സൈരന്ധ്രി, ജലവൈദ്യുതി ഉത്പാദനത്തിന് അനുയോജ്യമാണെന്ന പഠനറിപ്പോര്‍ട്ട് നിലവില്‍വന്നു. പദ്ധതിയെച്ചൊല്ലി സൈലന്റ്‌വാലി ഏറെ ചര്‍ച്ചാവിഷയമായി.
               120 മെഗാവാട്ടിന്റെ ജലവൈദ്യുതപദ്ധതിയാണ് ഇവിടെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇതിന് പാരിസ്ഥിതികകാരണങ്ങളാല്‍ അനുമതിലഭിച്ചില്ല. 1984 നവംബര്‍ 15 ന് സൈലന്റ്‌വാലിവനം ദേശീയപാര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടു. 1985 സപ്തംബര്‍ ഏഴിന് അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയാണ് നാഷണല്‍ പാര്‍ക്ക് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. സൈലന്റ്‌വാലിയെ സംരക്ഷിക്കാന്‍നടന്ന ഐതിഹാസികമായ കൂട്ടായ്മയും സമരങ്ങളും പരിസ്ഥിതിസംരക്ഷണചരിത്രത്തിലെ തിളക്കമേറിയ അധ്യായമാണ്.
സൈലന്റ്‌വാലി ദേശീയപാര്‍ക്കിന്റെ വടക്കുഭാഗത്തുനിന്ന് ഉത്ഭവിക്കുന്ന കുന്തിപ്പുഴയും മറുഭാഗത്ത് ഇതിന് സമാന്തരമായെന്നോണം ഒഴുകുന്ന ഭവാനിയുമാണ് ഈ വനമേഖലയുടെ മുഖ്യസവിശേഷത.
ആന, സിംഹവാലന്‍കുരങ്ങ്, വിവിധയിനം പാമ്പുകള്‍, ഇരുന്നൂറിലേറെ വ്യത്യസ്തയിനം പക്ഷികള്‍, ശലഭങ്ങള്‍, ആയിരത്തോളം പുഷ്പജാലങ്ങള്‍, 107 തരം ഓര്‍ക്കിഡുകള്‍ തുടങ്ങിയവയൊക്കെ ഈ പൈതൃകസമ്പത്തിന്റെ മുതല്‍ക്കൂട്ടാണ്.
                      സന്ദര്‍ശനത്തിന് മുക്കാലിയിലുള്ള അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസില്‍നിന്ന് മുന്‍കൂറായി അനുമതി വാങ്ങണം. ഡിസംബര്‍ മുതല്‍ ഏപ്രില്‍വരെയാണ് സന്ദര്‍ശനത്തിന് പറ്റിയ സമയം. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ മാത്രമേ സന്ദര്‍ശകരെ കയറ്റിവിടൂ. വൈകീട്ട് ആറിന് സന്ദര്‍ശകര്‍ പാര്‍ക്കിന് പുറത്തെത്തിയിരിക്കണം. 

8 comments:

 1. Thanks for the lovely post...! Its like we had a short visit through your post. I really recommend you to go to Dhoni Forest in Palakkad. I visited this place weeks back. The one who love forest trekking will have a nice trip!

  ReplyDelete
 2. നല്ല വിവരണം
  അടുത്ത വെക്കേഷനിൽ ഒന്നു പരീക്ഷിക്കണം
  എല്ലാ ആശംസകളും നേരുന്നു

  ReplyDelete
 3. എല്ലാവിധ ഭാവുകങ്ങളും നേരുന്നു!!!

  ReplyDelete
 4. നമ്മുടെ നാട്ടില്‍ തന്നെ എത്രയോ നല്ല സ്ഥലങ്ങള്‍ ഉണ്ട് എന്നിട്ടും പോകാന്‍ കഴിഞ്ഞില്ലാ ഇനി നോക്കണം..നന്ദി

  ReplyDelete
 5. നല്ല ചിത്രങ്ങള്‍, കോളേജില്‍ പഠിച്ചപ്പോള്‍ പോയിട്ടുണ്ട് സൈലന്റ് വാലിയില്‍.. ഇനി നാട്ടില്‍ പോകുമ്പോള്‍ ഒന്നുകൂടി പോകണം. പിന്നെ യാത്രാവിവരണം ഒന്നുകൂടി വിപുലമാക്കാമായിരുന്നു എന്ന് തോന്നി. ചിത്രങ്ങള്‍ തന്നെ വാചാലം ആണല്ലോ എങ്കിലും... :)

  ReplyDelete
 6. .സൈലന്റ് വാലിയിലെ ശബ്ദ ഘോഷം .  -----------------------------
  നിശ്ശബ്ദമീ
  താഴ്വാരത്തില്‍
  സഹ്യന്‍റെ ജടാ ഭാരം
  ഉലഞ്ഞഴിയുന്നു.

  കാട്ടു പെണ്ണിന്‍റെ
  ഉര്‍വ്വരതയില്‍
  മല്ലീശ്വരന്‍റെ
  മനമിളകുന്നു.

  മുളംകുടിലും,
  മുള്‍പ്പടര്‍പ്പും
  സൈരന്ധ്രിയുടെ
  തപ്ത നിശ്വാസങ്ങളില്‍
  വിറ കൊള്ളുന്നു .

  വന്യതയുടെ
  വാത്മീകങ്ങളില്‍,
  മദ ഗന്ധം പേറി,
  പാല്‍പ്പതയോഴുക്കി,
  കുന്തി പിറക്കുന്നു.

  * * * * * * * * *

  ഭരണം, നിയമം ,
  പരി പാലന മന്ത്രം.
  പ്രഖ്യാപിത ഘോഷം,
  ദേശീയോദ്യാനം!

  കാല ഭേദങ്ങളുടെ
  പ്രഹസനങ്ങളോട്
  നിശബ്ധത തുളച്ച്
  ചീവീടുകളുടെ
  വന രോദനം.

  നാം കണ്ട കാഴ്ചകള്‍.,
  കാണാതെ പോയതും,
  കണ്ടു മടുത്തതും..
  പരിസ്ഥിതി തകരുന്നു.
  പ്രകൃതി മരിക്കുന്നു.!

  നിശബ്ദതയുടെ
  താഴ്വാരത്തില്‍
  മൂകത നിലക്കുന്നു.
  ശബ്ദ ഘോഷ -
  ഗാംഭീര്യത്തോടെ,
  നിശബ്ധത മരിക്കുന്നു.

  --------------------------

  ReplyDelete
 7. നമ്മുടെ നിശബ്ദ താഴ്വര യുടെ നിശബ്ദത മായാതിരിക്കട്ടെ കുന്തിപ്പുഴ എന്നും ശാന്തയായി ഒഴുകട്ടെ സിംഹവാലന്‍ കുരങ്ങുകള്‍ സ്വാതന്ത്ര്യത്തിന്റെ മധുരം നുകര്‍ന്ന് ജീവിക്കട്ടെ

  ReplyDelete