www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Wednesday, July 18, 2012

കാരുണ്യത്തിന്റെ ഓണ്‍ലൈന്‍ സ്പര്‍ശം.

ചികല്‍സാ ഫണ്ടിലേക്ക് 27 ലക്ഷത്തില്‍ പരം രൂപ ഓണ്‍ലൈന്‍ വഴി ലഭിച്ചു.  
അവയവ മാറ്റത്തിനുള്ള നിയമങ്ങള്‍ പരിഷ്ക്കരിക്കുന്നതിന്റെ പാഠവും സ്വാതി നല്‍കുന്നു. അവയവ വ്യാപാരം എതിര്‍ക്കപെടെണ്ടത് തന്നെ ആണങ്കിലും, യാഥാര്‍ത്യങ്ങള്‍ തിരിച്ചറിഞ്ഞു പെട്ടന്ന് തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിയുന്ന വിധം നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യം തന്നെയാണ്.ചുരുങ്ങിയ പക്ഷം ജില്ലാ കലക്ടര്‍ക്കെങ്കിലും ഇത്തരം കാര്യങ്ങളില്‍ തീരുമാനം  എടുക്കുവാന്‍ അനുമതി നല്‍കേണ്ടതാണ്.  
ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം   
പിറവം : മഞ്ഞപ്പിത്തം ബാധിച്ചു രണ്ടു കരളും തകരാറിലായ സ്വാതിയെ അറിയാത്തവരായി മലയാളികള്‍ ആരും തന്നെയില്ല.എസ്.എസ്.എല്‍.സിക്ക് എല്ലാ വിഷയത്തിലും എ പ്ലസ്‌ വാങ്ങിയ കവിയത്രി കൂടിയായ സ്വാതി ഞാന്‍ ജോലി ചെയ്യുന്ന പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ്‌ ടു വിദ്യാര്‍ത്ഥിനിയാണ് എന്ന് പറയുന്നതില്‍ അഭിമാനമുണ്ട്. സ്വാതിയുടെ അവസ്ഥ പുറം ലോകം അറിയുന്നതും, ഏറ്റവും കൂടുതല്‍ സഹായം ലഭിച്ചതും ബ്ലോഗിലൂടെയും ഫേസ് ബൂക്കിലൂടെയും ആയിരുന്നു എന്നുള്ളത് വര്‍ത്തമാന കാലത്ത് സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ സൈറ്റുകളുടെ പ്രസക്തി വെളിവാക്കുന്നു.
കരള്‍ മാറ്റ ശസ്ത്രക്രിയയിലൂടെ മാത്രമേ സ്വാതിയുടെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍, തന്‍റെ കരള്‍ പകുത്തുനല്‍കാന്‍ സ്വാതിയുടെ അമ്മ തയാറായി. പക്ഷെ അതിനായി വരുന്ന ഭീമമായ തുക കണ്ടെത്താന്‍ സ്വാതിയുടെ വീട്ടുകാര്‍ക്ക് കഴിയുമായിരുന്നില്ല. സ്വാതി പഠിക്കുന്ന പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രിന്‍സിപ്പാള്‍  ശ്രീ .എ .എ  ഒനാന്‍കുഞ്ഞു "പണം ഞങ്ങള്‍ കണ്ടെത്തികൊള്ളാം ഒപ്പറേഷന്‍ നടത്താന്‍ തയാറായിക്കൊള്ളൂ എന്ന് "മാതാപിതാക്കളെ അറിയിച്ചു. സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും താങ്കളുടെ പ്രിയപ്പെട്ട സ്വാതിയുടെ ജീവന്‍ രക്ഷിക്കുന്നതിനായി എന്തും ചെയ്യാന്‍ ഒരുക്കമായിരുന്നു. 6 ലക്ഷം രൂപയാണ് കുട്ടികളും അദ്ധ്യാപകരും മാത്രം ചേര്‍ന്ന് എടുത്തത്.അതോടൊപ്പം തന്നെ ഞാന്‍ സ്കൂളിന്റെ ബ്ലോഗിലും, ഫേസ് ബൂക്കിലും സ്വാതിയുടെ അവസ്ഥ കാണിച്ചു ഒരു പോസ്റ്റും ഇട്ടു.അത്ഭുതകരമായ പ്രതികരണം ആയിരുന്നു ഉണ്ടായത്.സ്വാതിയുടെ രോഗവിവരം തിരക്കി അനേകം പേര്‍ സ്കൂളിലേയ്ക്ക് വിളിച്ചു. ബാങ്ക് അക്കൌണ്ടില്‍ പണം വന്നുതുടങ്ങി.എല്ലാവരും ആശ്വാസത്തോടെ ഇരിക്കുമ്പോഴാണ് അമ്മയുടെ കരള്‍ ആരോഗ്യ പ്രശ്നങ്ങളാല്‍ എടുക്കുവാന്‍ കഴിയുകയില്ലന്നു മനസിലാകുന്നത്. ഈ വിവരം അറിഞ്ഞു ചെറിയമ്മ റെയിനി സ്വയം കരള്‍ കൊടുക്കുന്നതിനായി മുന്‍പോട്ടു വന്നു. ഭര്‍ത്താവ് ജോയിയും സമ്മതം അറിയിച്ചതോടെ പിന്നെ അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.പക്ഷെ നിയമത്തിന്റെ നൂലാമാലയില്‍ കുടുങ്ങി ഓപ്പറേഷന്‍ മുടങ്ങുന്ന അവ്സ്ഥയെത്തി.സുപ്രിം കോടതി ഉത്തരവുള്ളതിനാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയുകയില്ലന്നു ആരോഗ്യ വകുപ്പ് അറിയിച്ചു. മാസത്തില്‍ രണ്ടു തവണ മാത്രം കൂടുന്ന മെഡിക്കല്‍ ബോര്‍ഡ്‌ ആണ് അനുമതി നല്കേണ്ടത്. അതിനാകട്ടെ പല വകുപ്പുകളില്‍ നിന്നായി 45 ല്‍ പരം പേപ്പറുകള്‍ വേണം. കൂടാതെ മജിസ്ട്രെറ്റ്  സാകഷ്യപ്പെടുത്തണം.ആവശ്യമുള്ള 45 ല്‍ പരം പേപ്പറുകള്‍ പല വകുപ്പുകളില്‍ നിന്നായി ഒരു ദിവസം കൊണ്ട് ലഭിക്കുക നമ്മുടെ നാട്ടില്‍ അസാദ്ധ്യമാണല്ലോ.
ജൂലൈ 11 ചൊവ്വാഴ്ച വൈകിട്ട് 7.30 സ്കൂളിലെ അദ്ധ്യാപകന്‍ ആയ ബെന്നി.വി.വര്‍ഗീസ്‌ സ്വാതിയുടെ ഓപ്പറേഷന്‍ ഇനിയും വൈകിയാല്‍ രക്ഷയില്ലന്നും,ഡോക്ടര്‍മാര്‍ നിസ്സഹായരാണന്നും വീട്ടുകാരോട് പറഞ്ഞതായി എന്നോട് പറഞ്ഞു. മാധ്യമങ്ങളില്‍ വാര്‍ത്തയാകാതെ നമ്മുടെ നാട്ടില്‍ ഒന്നും വേഗത്തില്‍ നടക്കില്ലായെന്നു മനസിലാക്കിയ ഞാന്‍ എന്റെ പ്രിയ സുഹൃത്ത് മംഗളം പത്രത്തിന്റെ കൊച്ചി ചീഫ് റിപ്പോര്‍ട്ടര്‍ ജെബി പോളിനെ വിളിച്ചു സ്വാതിയുടെ വിവരം പറഞ്ഞു.കളയാന്‍ ദിവസങ്ങള്‍ ഇല്ലന്നും വന്‍ പ്രാധാന്യത്തില്‍ വാര്‍ത്ത വന്നാല്‍ മാത്രമേ സര്‍ക്കാരും മെഡിക്കല്‍ ബോര്‍ഡും ഇടപെടൂ എന്നും ജെബി ചേട്ടനെ മനസിലാക്കി. ഓഫീസില്‍ നിന്നും ഇറങ്ങിയ ജെബി ചേട്ടൻ   തിരിച്ചു ഓഫീസില്‍ പോവുകയും പിറ്റേ ദിവസത്തെ മംഗളത്തിന്റെ ഫ്രണ്ട് പേജില്‍  വന്‍ പ്രാധാന്യത്തില്‍ "കഠിന നിയമങ്ങളെ കരലളിവ് കാണിക്കൂ; സ്വതിമോള്‍ ഇനിയും ജീവിച്ചോട്ടെ" എന്ന പേരില്‍ വാര്‍ത്ത കൊടുക്കുകയും ചെയ്തു.ഫേസ്ബൂക്കിലൂടെയും പോസ്റ്റുകള്‍ ഇട്ടുകൊണ്ടിരുന്നു.നടന്നതൊന്നും പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. 45 ല്‍ പരം പേപ്പറുകള്‍ സന്ധ്യക്ക്‌ മുന്‍പില്‍ റെഡി ആയി.വാര്‍ത്ത കണ്ടു  അഭിഭാഷകനായ മനു പ്രഭു ,സുപ്രിം കോടതി അഭിഭാഷകനായ  രാജസിംഹം എന്നിവര്‍ ഫോണില്‍ വിളിച്ചു നിയമ സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. മെഡിക്കല്‍ ബോര്‍ഡ്‌ അനുമതി നല്‍കിയില്ലങ്കില്‍ ഹൈക്കോടതിയില്‍ പോകുന്നതിനായി ഇവര്‍ ഒരുക്കങ്ങള്‍ നടത്തി. രാത്രി 9.30 നു കോടതി തുറന്നാണ്‌ സാകഷ്യപത്രത്തില്‍ മജിസ്ട്രേറ്റിന്റെ സീല്‍ വച്ചത്.ഇതിനായി സഹായിച്ചത് അഭിഭാഷകനായ  രാജസിംഹം ആയിരുന്നു. കിട്ടിയ പേപ്പറിന്റെ മുഴുവന്‍ ഫോട്ടോസ്റ്റാറ്റു ആവശ്യം വന്നു. എറണാകുളം മുഴുവന്‍ കറങ്ങിയിട്ടും ഒരു കട പോലും തുറന്നിട്ടില്ല. ബന്ധുക്കള്‍ പിന്നെ നാട്ടില്‍ വന്നു കട തുറന്നു ഫോട്ടോ കോപി എടുത്തു ആണ് അമൃത ഹോസ്പിറ്റലില്‍ എത്തിച്ചത്.( ഹോസ്പ്പിറ്റലില്‍ നിന്നാണ് അപേക്ഷ മെഡിക്കല്‍ ബോര്‍ഡിന് നല്‍കേണ്ടത്.) മംഗളം വാര്‍ത്ത കണ്ടു മനോരമ ചാനലും, ഇന്ത്യവിഷന്‍ ചാനലും രാത്രി 8 മണിയോടെ ന്യൂസ്‌ കൊടുത്തു. പിന്നെ സംഭവം മാധ്യമങ്ങള്‍ ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്. പിറ്റേ ദിവസത്തെ എല്ലാ പത്രത്തിന്റെയും ഫ്രണ്ട് പേജ് വാര്‍ത്ത സ്വാതി ആയിരുന്നു.പത്ര വാര്‍ത്ത കണ്ടു  ജൂലൈ 12 നു രാവിലെ തന്നെ മെഡിക്കല്‍ ബോര്‍ഡ്‌ കൂടാന്‍  സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നു.രാവിലെ പത്തിന് തന്നെ അടിയന്തിരമായി മെഡിക്കല്‍ ബോര്‍ഡ്‌ ചേര്‍ന്ന് സ്വാതിയുടെ ഓപ്പറേഷന് അനുമതി നല്‍കി.കരള്‍ നല്‍കാന്‍ തയാറായ സ്വാതിയുടെ ചെറിയമ്മ മെഡിക്കല്‍ ബോര്‍ഡിന് മുന്‍പില്‍ ഹാജരായി സ്വയം ഇഷ്ട പ്രകാരം ആണ് കരള്‍ നല്‍കുന്നത് എന്ന്   മൊഴി നല്‍കി. കോട്ടയത്ത് നിന്നും ഉച്ചയോടു കൂടി ചെറിയമ്മയെ അമൃതയില്‍ കൊണ്ട് വന്നു ഓപ്പറേഷനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.9 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ രാത്രി 11 മണിയോടെ പൂര്‍ത്തിയായി.സ്വാതിയില്‍ ചെറിയമ്മയുടെ കരള്‍ വിജയകരമായി  അമൃതയിലെ ഡോ സുധീന്ദ്രന്‍ന്റെ നേതൃത്വത്തില്‍ തുന്നിച്ചേര്‍ത്തു. 
വളരെ വേഗം ആണ് സ്വാതി ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നത്. 7 ദിവസം കൂടി ബോധം തെളിഞ്ഞപ്പോള്‍  എം കെ എം സ്കൂളിലെ അദ്ധ്യാപകരെ കാണണമെന്നാണ് ആവശ്യപ്പെട്ടത്. പ്രത്യേകിച്ച് ക്ലാസ്സ്‌ സാര്‍ ആയിരുന്ന സിജി സാറിനെ പേരെടുത്തു അന്വേഷിച്ചു.ഉടന്‍ തന്നെ അധ്യാപകര്‍ ഹോസ്പ്പിറ്റലില്‍ എത്തുകയും സ്വതിയുമായി ഇന്റര്‍ക്കൊമിലൂടെ സംസരിക്കുകയും  സ്വാതിയ്ക്ക് പ്രീയപ്പെട്ട ഗാനം ആയ എന്‍ എസ് എസ് ന്റെ പ്രാര്‍ത്ഥനാഗീതം കേള്‍പ്പിക്കുകയും ചെയ്തു.സ്വാതിയ്ക്ക് കരള്‍ പകുത്തു നല്‍കിയ ചെറിയമ്മ റെയിനിക്ക് രണ്ടര ലക്ഷം രൂപയും പാരിതോഷികം നല്‍കിയാണ്‌ എം കെ എം സ്കൂള്‍ അദ്ധ്യാപകര്‍ അന്ന് തിരിച്ചു പോന്നത്.  
സ്വാതിയുടെ ശസ്ത്രക്രിയക്കായി എം കെ എം സ്കൂളിന്റെ ബാങ്ക് അക്കൌണ്ടില്‍ 27 ലക്ഷത്തില്‍ പരം രൂപയാണ് എത്തിയത്. പ്രവാസി മലയാളികള്‍ ആയിരുന്നു സഹായിച്ചവരില്‍ അധികവും എന്ന് പ്രത്യേകം പറയട്ടെ.ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റുകള്‍ ആയിരക്കണക്കിനാളുകള്‍ ആണ് ഷെയര്‍ ചെയ്തു സഹായിച്ചത്. ജാതി,മത,വര്‍ഗ,വര്‍ണ്ണ വ്യത്യാസമില്ലാതെയാണ് ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ സ്വാതിയെ സഹായിക്കാന്‍ പങ്കാളികള്‍ ആയതു.സ്വാതിയുടെ വിവരം തിരക്കി വിദേശത്തുനിന്നും  സ്വദേശത്തു നിന്നും നൂറു കണക്കിന്  മെസ്സേജുകള്‍  ആണ് ഇപ്പോഴും ഫേസ് ബുക്കില്‍ വരുന്നത്. എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു.ഇന്റര്‍നെറ്റ് മീഡിയയുടെ ദോഷങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുന്ന ഈ കാലത്ത് നന്മയുടെ വലിയ ഒരു സന്ദേശം ആണ് സ്വാതിയിലൂടെ ഓണ്‍ലൈന്‍ മീഡിയ സമൂഹത്തിനു നല്‍കുന്നത്.

3 comments:

  1. രോഗത്തിന്റെ ദുഃഖത്തിനിടയിലും
    സന്തോഷം തരുന്ന വര്‍ത്തമാനങ്ങള്‍

    ReplyDelete
  2. സ്വാതി എത്രയും പെട്ടെന്ന് സുഖമായി അവളുടെ സ്കൂളില്‍ ചെല്ലുവാന്‍ ആശംസ.

    ReplyDelete
  3. നല്ലത് വരുത്തണെ നാഥാ... ഈ പ്രാർഥനയോടെ.....

    ReplyDelete