കേരളത്തിന്റെ ഏതാനും കിലോമീറ്റര്‍ അകലെ മാത്രം കൂടംകുളം ആണവ നിലയം വരുമ്പോള്‍ എന്തുകൊണ്ടാണ് അതിന്‍റെ ഭീകരതയെപറ്റി കേരളം ചര്‍ച്ച ചെയ്യാത്തത്.തൊട്ടതിനും പിടിച്ചതിനും ഒക്കെ ചാനല്‍ ചര്‍ച്ച നടത്തുന്നവര്‍ കേരളം ആസന്ന ഭാവിയില്‍ നേരിടാനുള്ള വന്‍ ദുരന്തം കണ്ടില്ലാന്നു നടിക്കുന്നത് എന്തിന്റെ പേരിലാണ്. കണ്ണൂരില്‍ ഒരു ഗ്യാസ് ടാങ്കര്‍ പോട്ടിത്തെറിച്ചതിന്റെ വ്യാപ്തി എത്രമാത്രം ആയിരുന്നു. കൂടംകുളം സമരം കേരളം ഏറ്റെടുത്തു നടത്തേണ്ട സമരം ആയിരുന്നു.അവര്‍ക്ക് വേണ്ട പിന്തുണയെങ്കിലും നമ്മള്‍ കൊടുക്കേണ്ടതായിരുന്നു.ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം തന്നെ കൂടംകുളം സമരം കണ്ടില്ലാന്നു നടിക്കുന്നു. ആണവ അപകടങ്ങളുടെ ആഴവും വ്യാപ്തിയും കണക്കിലെടുക്കുമ്പോഴാണ് നമ്മുടെ മൌനം എത്ര അപകടകരമാണന്നു ബോധ്യപെടുക.
റഷ്യയിലെ സെമിപാലാടാന്‍സ്ക് ആണവ കേന്ദ്രത്തിന്റെ സമീപ പ്രദേശത്ത് വൈകല്യങ്ങളുമായി ജനിച്ച ആയിരക്കണക്കിന് കുട്ടികളില്‍ ഒരാളുടെ ചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്ന പോസ്റ്ററില്‍ കാണുന്നത്.
ആണവ മലിനീകരണത്തിന്റെ ഏറ്റവും ഭീകരമായ രൂപമാണ് രാക്ഷസ ശിശുക്കള്‍ (Monster Babies).അന്താരാഷ്‌ട്ര കോടതിക്ക് മുന്‍പില്‍ ഇരകളായ സ്ത്രീകള്‍ ഇത്തരം നിരവധി വൈകല്യങ്ങളെ കുറിച്ച് സാക്ഷി പറഞ്ഞിട്ടുണ്ട്. ഒരു സ്ത്രീ രണ്ടു തലയുള്ള ഒരു കുഞ്ഞിനെയാണ് പ്രസവിച്ചത്. കാലുകളും കൈകളും ഇല്ലാതെ ജനിച്ചവര്‍, മൂന്നു കാല്‍പത്തികളുമായി ജനിച്ചവര്‍ എന്നിങ്ങനെ.ഏറ്റവും വ്യാപകമായി കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന വൈകല്യം “ജെല്ലി ഫിഷ്” ശിശുക്കളാണ് (Jelly Fish Babies). ശരീരത്തില്‍ എല്ലുകള്‍ ഇല്ലാതെ ജനിക്കുന്ന ഇവരുടെ ചര്‍മ്മം സുതാര്യമാണ്. തലച്ചോറും മറ്റ് ആന്തരിക അവയവങ്ങളും, ഹൃദയം മിടിക്കുന്നതും എല്ലാം പുറമേ നിന്നും കാണാം. ഇവര്‍ സാധാരണയായി ഒരു ദിവസത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കാറില്ല.
ജപ്പാനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന അവസാനത്തെ ആണവ റിയാക്ടറും അടച്ചു പൂട്ടിയപ്പോള്‍ ഇന്ത്യയില്‍ കൂടംകുളം ആണവ നിലയം ഒരു മാസത്തിനകം തുറന്നു പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.
ജപ്പാനിലെ ഹൊക്കൈഡോ പ്രവിശ്യയിലെ തൊമാരി നിലയത്തിലെ മൂന്നാം റിയാക്ടർ അടച്ചതോടെ ജപ്പാനില്‍ ആകെയുള്ള 50 ആണവ റിയാക്ടറുകളില്‍ അവസാനത്തേതാണ് അടച്ചു പൂട്ടിയത്. ഇതോടെ 1970തിന് ശേഷം ആദ്യമായി ജപ്പാന്‍ ആണവോര്‍ജ്ജമില്ലാത്ത നാടായി. ഈ വാര്‍ത്ത അറിഞ്ഞ ഉടന്‍ ജപ്പാന്‍ ജനത ടോക്യോയിലെ തെരുവില്‍ ആഹ്ലാദ പ്രകടനം നടത്തി.
കഴിഞ്ഞ വര്‍ഷം ഉണ്ടായ സുനാമിയില്‍ ഫുക്കുഷിമ ആണവ നിലയം തകര്‍ന്നതോടെ ആണവോര്‍ജ്ജം ആപത്താണെന്ന സത്യം മനസിലാക്കി പല രാജ്യങ്ങളും ആണവോര്‍ജ്ജ പദ്ധതികള്‍ ഉപേക്ഷിക്കുകയോ നിറുത്തി വെയ്ക്കുകയോ ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ മറിച്ചാണ് നടന്നത്. ഫുക്കുഷിമ ദുരന്തത്തിന് ശേഷം കൂടംകുളം ആണവ നിലയം എങ്ങിനെയും പ്രവര്‍ത്തിപ്പിക്കുമെന്ന വാശിയിലാണ് നമ്മുടെ ഭരണകൂടം.
കൂടംകുളത്ത് ഉദയ കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ ഭരണകൂടവും ചില മാധ്യമങ്ങളും ചേര്‍ന്ന് അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ വീര്യം ഒട്ടും ചോര്‍ന്നു പോകാതെ കുട്ടികളും സ്ത്രീകളും അടങ്ങിയ ഗ്രാമീണര്‍ നടത്തുന്ന ജീവന്റെ സമരം തുടരുകയാണ്. ഒരു വശത്ത് അധികാരികളും കോര്‍പറേറ്റ് ശക്തികളും മറുവശത്ത് പാവങ്ങളായ ഗ്രാമീണ ജനതയും.
ജപ്പാന്‍ ഈ നശിച്ച വിദ്യയെ ഇല്ലാതാന്‍ ശ്രമിക്കുമ്പോള്‍ നാമത് കൂടുതല്‍ ഉല്പാദിപ്പിക്കാന്‍ ശ്രമിക്കുന്നു. ജപ്പാനില്‍ ആണവ നിലയം പൂട്ടിയതിന് അവര്‍ ആഹ്ലാദ പ്രകടനം നടത്തുന്നു. മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം പോലും കൂടംകുളം നിലയം വരണമെന്ന് വാദിക്കുന്നു. ജപ്പാനില്‍ ആണവ നിലയങ്ങള്‍ പ്രവര്‍ത്തനം നിറുത്തുമ്പോള്‍ രാജ്യത്തെ വ്യവസായ മേഖലയെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ പഴയ വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ വൈദ്യുതി കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നമ്മുടെ നിര്‍ദേശങ്ങള്‍ കൂടംകുളം തുറന്നേ മതിയാകൂ എന്നും.
എന്തൊരു വൈരുദ്ധ്യം!
(കടപ്പാട്: വിവിധ വെബ് സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങളും ചിത്രങ്ങളും)
(കടപ്പാട്: വിവിധ വെബ് സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങളും ചിത്രങ്ങളും)
No comments:
Post a Comment