www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Monday, September 26, 2011

അഥീനയിലെ അപരാധങ്ങള്‍ക്ക് ചിയേഴ്‌സ്...

      നിത്യ ജീവിതത്തില്‍ നാം എവിടെയൊക്കെ പറ്റിക്കപെടുന്നു. പലപ്പോഴും നാം പറ്റിക്കപ്പെടുന്നത് അറിയുന്നുപോലുമില്ല. ഷോപ്പിംഗ്‌ മാളുകളില്‍ , ബസ്സുകളില്‍ , ഹോട്ടലുകളില്‍ , അങ്ങനെ പണം മുടക്കി നാം വാങ്ങുന്ന സേവനങ്ങളില്‍ പലതിലും വിവരവും വിദ്യാഭ്യസവുമുള്ള  മലയാളി വളരെ ഭംഗിയായി കബളിപ്പിക്കപ്പെടുന്നു. പലപ്പോഴും പ്രതികരിക്കാന്‍ പോലും നാം തയാറാവുന്നില്ല. പാവപെട്ടവന്റെ ആശ്രയമായ ഓട്ടോറിക്ഷയില്‍ ഒരുതവണ കയറാത്തവര്‍  ആരും ഉണ്ടാവില്ല. ചോദിക്കുന്ന കാശും കൊടുത്ത് പോകുന്നവരാണ് പലരും. ആരെങ്കിലും ചോദ്യം ചെയ്താല്‍ ആള്‍ക്കൂട്ടമായി, പ്രശ്നമായി , അതുകൊണ്ട് മിക്കവാറും എല്ലാത്തിനും വഴങ്ങും .
    മലയാളി അഭിമാനിയാണല്ലോ ? ചില്ലി കാശിനു കണക്കു പറയുന്നത്‌ നാണക്കേടാണന്നു കരുതുന്നവരും ഉണ്ട്. അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് എന്താണന്നു വച്ചാല്‍ ...ഇക്കഴിഞ്ഞ സെപ്.22 നു എന്റെ കുറച്ചു കൂട്ടുകാര്‍  ഞങ്ങളുടെ നാട്ടില്‍ പുതിയതായി  തുടങ്ങിയ ത്രീ സ്റ്റാര്‍ ബാറില്‍ ഒന്ന് കയറി.(തെറ്റിദ്ധരിക്കരുത് ഇവര്‍ അങ്ങനെ സ്ഥിരം മദ്യപാനികളൊന്നും അല്ല കേട്ടോ.) അവര്‍ക്കുണ്ടായ അനുഭവം എന്‍റെ പ്രിയ സുഹൃത്ത് ബോബി തച്ചാമറ്റം പറയുന്നത് ശ്രദ്ധിക്കു... 
അഥീനയിലെ അപരാധങ്ങള്‍ക്ക് ചിയേഴ്‌സ്...
ബോബി തച്ചാമറ്റം.
വായനക്കാരുടെ ശ്രദ്ധയ്ക്ക്: ഇതൊരു ബില്ല് ഉണ്ടാക്കിയ കഥയാണ്...
ക്ഷമയോടെ വായിച്ചാല്‍ ചിയേഴ്‌സിനിടയില്‍ ചില്ലറ നഷ്ടപ്പെടാ തിരിക്കും... ലഹരി പതഞ്ഞൊഴുകിയ ആതന്‍സ് നഗരത്തിന്റെ അധിപ അഥീന...ഒഡീസസ്, ജാസണ്‍, ഹെര്‍ക്കുലീസ് തുടങ്ങിയ ധീരയോദ്ധാക്കളുടെ രക്ഷാധികാരി അഥീന...കാമുകനോ ഭര്‍ത്താവോ ഇല്ലാത്ത നിത്യകന്യകയായ അഥീന... സ്വാതന്ത്രത്തിന്റെ, ധൈര്യത്തിന്റെ,പ്രചോദനത്തിന്റെ, ശക്തി യുടെ,ജനതതിയുടെ,പ്രവര്‍ത്തനപന്ഥാവിന്റെ,സ്ത്രീപക്ഷ കലയു ടെ,കരകൗശലത്തിന്റെ,നീതിയുടെ, നൈപുണതയുടെ എല്ലാം ദേവത അഥീന...വിശേഷണങ്ങള്‍ ബഹുവിശേഷമെങ്കിലും പിറവമെന്ന പിറവിയുടെ നാട്ടില്‍ അഥീനയ്ക്ക് മറ്റൊരു അര്‍ത്ഥമാണ്.മദ്യപാനികള്‍ക്ക് മധുചക്ഷകം നീട്ടിനില്‍ക്കുന്ന മധുസന്ദരിയായി മാറുന്നു ഇവിടെ അഥീന അഥവാ അഥീന സെന്‍ട്രല്‍ എന്ന ബാര്‍ ഹോട്ടല്‍.
      ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 22ന് നേരം പുലര്‍ന്ന് 8 മണിയായപ്പോഴേക്കും പിറവം ടൗണിലെ റോഡ്കടവ് റോഡ് മദ്യത്തെ സ്‌നേഹിക്കുന്ന നല്ലവരായ നികുതിദായകരെകൊണ്ട് നിറഞ്ഞു. കൃത്യം പത്തിന് നിലവിളക്ക് കൊളുത്തി അടൂരില്‍ നിന്നും എത്തിയ അച്ചായന് ഓപ്പിയാര്‍ ഫുള്ള് നല്‍കി കാശ് വാങ്ങിയതോടെ പിറവംകാര്‍ ഒന്നായി അഥീന സെന്‍ട്രലിലെ ബാര്‍ കൗണ്ടറുകളില്‍ ചിയേഴ്‌സ് പറഞ്ഞു തുടങ്ങി.രാവിലെ 10 മുതല്‍ രാത്രി പത്തര വരെ നീണ്ട ആ കാഴ്ച വിവരണാതീതമാണ്.മമ്മൂട്ടി നായകനായ തുറുപ്പുഗുലാനില്‍ ഗുലാന്‍ ലീസിനെടുത്ത് നടത്തുന്ന ബാര്‍ ഹോട്ടലിലേക്ക് പെഗിനു പെഗ് ഫ്രീയെന്നു കേട്ട് ആളുകള്‍ ഒഴുകിയെത്തുന്ന സീന്‍ കണ്ടിട്ടില്ലേ. അതിനെയും കവച്ചുവയ്ക്കുന്ന പ്രകടനമായിരുന്നു പിറവംകാരുടേത്. കുടിയന്മാരായ കുടിയന്മാരെല്ലാം പണിക്ക് പോകാതെ ഉത്ഘാടനം ആഘോഷിക്കാന്‍ സന്നിഹിതരായി. ആസ്ഥാന കുടിയന്മാരില്‍ ചിലരെത്തിയത് കുടുംബസമേതം. മോശം പറയരുതല്ലോ. ആതിഥേയ മര്യാദ പരിഗണിച്ച് നിറഞ്ഞു കവിഞ്ഞ റെസ്റ്റോറന്റ്, ബാര്‍ കൗണ്ടറുകളെയും കോണ്‍ഫറന്‍സ്, ബോര്‍ഡ് റൂമുകളെയും സാക്ഷിയാക്കി ഇവരെ സകുടുംബം റൂമുകളുടെ സ്വകാര്യതയില്‍ വിളമ്പി സല്‍ക്കരിക്കാനുള്ള മാന്യത അഥീനയുടെ നടത്തിപ്പുകാര്‍ക്കുണ്ടായി. അതു കണ്ടപ്പോള്‍ മനസിലെങ്കിലും വിളിച്ചു, അതിഥി ദേവോ ഭവ, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി വിജയിക്കട്ടെ എന്നൊക്കെ.കുടിക്കുന്നവനും കുടിക്കാത്തവനും ഇരച്ചു കയറിയതോടെ കച്ചവടം മാനംമുട്ടിയെങ്കിലും കുടിയന്മാരല്ലാത്തവര്‍ക്ക് അല്‍പം മാനക്കേടുണ്ടായി എന്നതാണ് സത്യം. നാലു കാലില്‍ ആടിയാടി പോകുമ്പോള്‍ വഴിയരികില്‍ നിന്നു കളിയാക്കിയിരുന്ന ഡീസന്റ് പീപ്പീള്‍സ് വരെ തങ്ങളുടെ പുതിയ പ്രസ്ഥാനം കാണാനെത്തിയപ്പോള്‍ വടക്കന്‍ പാട്ടിലെ ചന്ദനക്കുറിക്ക് പകരം ടച്ചിംങ്‌സ് കൊണ്ട് കുറിയിടാനാണ് സ്ഥിരം കുടിയന്മാര്‍ക്ക് തോന്നിയതത്രെ. ചിലര്‍ക്കൊക്കെ വാളുമാല അണിയിച്ചാലോയെന്നും അവര്‍ ആലോചിച്ചിരുന്നുവത്രെ.
     പിറവം പുഴയിലെ വെള്ളം പോലെ അകം നിറയെ വെള്ളവുമായി അഥീനയുടെ ആരാധകര്‍ ആടിയായി നീങ്ങുന്ന സമയത്താണ് ഈയുള്ളവന്‍ അവിടെയെത്തിയത്. പിറവത്ത് പുതിയൊരു പ്രസ്ഥാനം ആരംഭിച്ചിട്ട്, രാവിലെ പത്രത്തില്‍ നോട്ടീസ് വച്ച് ക്ഷണിച്ചിട്ട് ചെന്നില്ലെങ്കില്‍ അഥീനയ്ക്ക് എന്തുതോന്നും എന്നു വിചാരിച്ചായിരുന്നു ആ യാത്ര. സബ്ജയിലിനെയും സെന്‍ട്രല്‍ ജയിലിനെയും ഒരു പോലെ തോല്‍പ്പിക്കുന്ന കൂറ്റന്‍ മതില്‍ക്കെട്ട് കടന്ന് അകത്തു കടന്നപ്പോഴേ പരിചയക്കാരുടെ പെരുമഴ. ആദ്യം മുന്നില്‍ വന്ന് ഷേക്ക് ഹാന്‍ഡ് നല്‍കിയ ആത്മാര്‍ത്ഥ സുഹൃത്തിനൊപ്പം ഹോട്ടല്‍ മുഴുവന്‍ ചുറ്റിനടന്നു കണ്ടു. ബാത്‌റൂമില്‍ വരെ നീളുന്ന ക്യൂ കണ്ടപ്പോള്‍ തൊട്ടപ്പുറത്തെ അന്തപ്പുരത്തില്‍ ആട്ടുംതുപ്പും ഇല്ലാതെ പള്ളിയുറങ്ങുന്ന മഹാറാണിയെ ആണ് ഓര്‍മ്മ വന്നത്.
    കാഴ്ചകളെല്ലാം കണ്ടു കഴിഞ്ഞപ്പോള്‍ ഓരോന്നു പിടിപ്പിച്ചാലോയെന്നായി. ചങ്ങാതിയോട് ചോദിക്കേണ്ട താമസം, ഇഷ്ടന്‍ രണ്ട് ഫോസ്റ്റര്‍ ബിയറിനു ബില്ലടിച്ചു വാങ്ങിക്കഴിഞ്ഞു. 110ഉം 110ഉം 220 രൂപ. ഇത്രയും കാലം "മഹാറാണി" കാണിച്ച സ്‌നേഹത്തിന്റെ മഹത്വം മനസിലായ ആദ്യനിമിഷം അതായിരുന്നു.ലാവിഷായി നെല്ലിക്ക അച്ചാറും ഉണക്കമീന്‍ അച്ചാറും ടച്ച് ചെയ്ത് അഥീനയുടെ ഭാവിയിലെ വികസനസാധ്യതകളെക്കുറിച്ച് ഘോരഘോരം സംസാരിച്ച് ബിയര്‍ തീര്‍ത്തു വീടുപിടിച്ചതോടെ ഉത്ഘാടന ദിവസം ശുഭപര്യവസായിയായി.
     ഇനി കഥയുടെ രണ്ടാം ഭാഗം.അഥീന സെന്‍ട്രല്‍ ആരംഭിച്ചതിന്റെ മൂന്നാം ദിവസം. കൃത്യമായി പറഞ്ഞാല്‍ സെപ്റ്റംബര്‍ 24 ശനിയാഴ്ച വൈകിട്ട് എട്ടരമണി. ഞാനും എന്റെ രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് അഥീനയുടെ സത്ക്കാരം സ്വീകരിക്കാനും മധുനുകരാനും വീണ്ടും എത്തുന്നു. പളനി ആണ്ടവനെക്കാണാന്‍ പോകുമ്പോഴുള്ള പടിപോലെ ഒരു നൂറ്റൊന്നു പടി എണ്ണിത്തീര്‍ത്ത് ഹരഹരോയും ചൊല്ലി ഒന്നാം നിലയിലെ കോണ്‍ഫറന്‍സ് ഹാളിലെത്തി(പേരില്‍ മാത്രമേ കോണ്‍ഫറന്‍സ് ഉള്ളൂ. നിരത്തിയിട്ട മേശകളും കസേരകളും തീര്‍ത്ത ഡീലക്‌സ് ബാറാണ് സംഭവം.).ഒരു മേശപിടിച്ച് ഇരുന്നിട്ട് ഓഡര്‍ കൊടുത്തു. മാന്‍ഷന്‍ ഹൗസ് ബ്രാണ്ടി പൈന്റ്, മിനറല്‍ വാട്ടര്‍, ചപ്പാത്തി, കൂന്തല്‍ റോസ്റ്റ്, പാലപ്പം, മുയലിറച്ചി. കൂടെ ടച്ചിംങ്‌സായി വാഴക്കുളം പൈനാപ്പിള്‍ മുളകുചാറിലിട്ടതും നാരങ്ങ അച്ചാറും. ചെവി പൊട്ടുന്ന ഒച്ചയില്‍ പ്രവര്‍ത്തിക്കുന്ന ടിവിയില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഗ്രാന്‍ഡ് ഫിനാലേ തകര്‍ക്കുകയാണ്. അതിനെ തോല്‍പ്പിക്കുന്ന മട്ടിലാണ് ടേബിളുകളില്‍ നിന്നും ഉയരുന്ന വാചകകസര്‍ത്തുകള്‍. ശരിക്കും തിരക്കുള്ള റെയില്‍വേ സ്റ്റേഷനില്‍ ഒരു ഡെസ്‌ക് പിടിച്ചിട്ട് ഇരുന്ന് മദ്യപിക്കുന്നതു പോലെയുള്ള അന്തരീക്ഷം. എങ്ങിനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്നായി ചിന്ത. അരമണിക്കൂറിനുള്ളില്‍ കിട്ടിയത് കുടിച്ചും തിന്നും ബില്ല് പറഞ്ഞു.മിനിറ്റ് തികച്ചെടുക്കുന്നതിനു മുമ്പേ ഞങ്ങള്‍ക്ക് സര്‍വ് ചെയ്ത ദീപന്‍ ബില്ലും കൊണ്ടെത്തി. 
      വൈറ്റില ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റുകളെ പോലും തോല്‍പ്പിക്കുന്ന വെളിച്ചം ഹാളിനകത്ത് ഉണ്ടായിരുന്നതിനാല്‍ ബില്ല് വായിക്കാന്‍ മൊബൈല്‍ ടോര്‍ച്ച് വേണ്ടിവന്നില്ലെന്നത് ഈയവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു. സുഹൃത്തുക്കള്‍ കൂടി കേള്‍ക്കാന്‍ അല്‍പം ഉച്ചത്തില്‍ തന്നെ ബില്ല് വായിച്ചു. ബ്രാണ്ടി- 355 രൂപ, മിനറല്‍ വാട്ടര്‍ 15 രൂപ, ചപ്പാത്തി- 10 രൂപ, അങ്ങനെ ബില്ല് കൂന്തല്‍ റോസ്റ്റിലെത്തിയപ്പോള്‍ രൂപ 100.അതു കേട്ടപ്പോള്‍ കൂടെയിരുന്ന സുഹൃത്തുക്കള്‍ക്ക് ഒരു സംശയം. അവര്‍ തലേദിവസം കഴിച്ച കൂന്തല്‍ റോസ്റ്റിനു 70 രൂപയല്ലേ എടുത്തുള്ളൂവെന്ന്. ഒറ്റദിവസം കൊണ്ട് 30 രൂപയുടെ വര്‍ധനയോ?ഉടനെ ബെയററെ വിളിച്ചു കാര്യം അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു, സാര്‍ മദ്യത്തിനു വില കുറച്ചിട്ടുണ്ട്. അപ്പോള്‍ ഫുഡിനല്‍പ്പം കൂടിയെന്ന്.അപ്പോള്‍ മാനേജരെ കാണണമെന്നായി ഞങ്ങള്‍. അങ്ങനെ ആ അവതാരം പ്രത്യക്ഷപ്പെട്ടു. കാര്യം പറഞ്ഞപ്പോള്‍ മെനു കാര്‍ഡ് എടുത്തു ഞങ്ങളെ പഠിപ്പിക്കാന്‍ തുടങ്ങി. അതില്‍ കൂന്തല്‍ റോസ്റ്റ് എന്ന ഒരു ഐറ്റം ഇല്ല, പൊള്ളിച്ചതേയുള്ളൂ. അതിനു 100 രൂപയാണുതാനും. അപ്പോള്‍ സുഹൃത്തുക്കള്‍ രണ്ടുപേരും തലേദിവസം കഴിച്ച വസ്തുവകകളൊക്കെ വിവരിക്കാനും ആ ബില്ലിന്റെ ഡ്യൂപ്ലിക്കേറ്റ് നോക്കാനും ആവശ്യപ്പെട്ടു. അതോടെ മാനേജര്‍ കളം വിട്ടു. 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ ബെയറര്‍ ഡിസ്‌കൗണ്ട് ചെയ്ത ബില്ലുമായി എത്തി. ആകെ 707 രൂപ വന്നതില്‍ കൂന്തലിനു അധികമായി ഈടാക്കിയ 30 കിഴിച്ചുള്ള ബില്ല്. കൂടെ ഒരു ക്ഷമാപണവും. ബില്ലിങ് ചെയ്യുന്ന കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയ കോഡ് നമ്പറുകളില്‍ വന്നപിഴവാണത്രെ. ഓക്കെ സംഭവം ക്ലിയര്‍. കമ്പ്യൂട്ടറിനും കൈപ്പിഴ പറ്റാമല്ലോ. ബില്ല് ക്ലിയര്‍ ചെയ്തു. പിറവത്തെ സംബന്ധിച്ച് മോശമല്ലാത്ത ടിപ്പും കൊടുത്ത് പേ ചെയ്ത ബില്ലും വാങ്ങി എഴുന്നേല്‍ക്കാന്‍ ഒരുങ്ങിയപ്പോഴാണ് മാനേജര്‍ സുബിന്‍ എത്തിച്ച മെനുകാര്‍ഡിലെ ചപ്പാത്തിയുടെ വില കണ്ണില്‍പ്പെട്ടത്. 
         മെനുകാര്‍ഡില്‍ ഒരു ചപ്പാത്തിക്ക് ഏഴുരൂപ. ഞങ്ങളോട് ഈടാക്കിയതാകട്ടെ പത്ത് രൂപ വച്ചും. വീണ്ടും ബെയററെയും ക്യാപ്ടനെയും വിളിച്ചു. മാനേജരുടെ തിരുമുഖം ദര്‍ശിക്കണമെന്ന ആഗ്രഹം ഉണര്‍ത്തിച്ചു. മൂന്ന് മിനിട്ടിന്റെ താമസം അദ്ദേഹം എത്തി. കാര്യം ഉഷാറായി തന്നെ അവതരിപ്പിച്ചു. അപ്പോഴും പിഴ കമ്പ്യൂട്ടറിന്. ഡിസ്‌കൗണ്ട്, മൂന്ന് ചപ്പാത്തിക്ക് മൂന്നു രൂപ വീതം കിഴിച്ചെടുത്ത ഒമ്പത് രൂപ. അങ്ങനെ 707 രൂപയുടെ ബില്ല് പരിശോധിച്ച് ചോദ്യം ചെയ്ത ഞങ്ങള്‍ക്ക് അഥീനദേവിയുടെ അനുഗ്രഹത്താല്‍(കമ്പ്യൂട്ടറിന്റെ അത്യാഗ്രഹത്താല്‍) നഷ്ടപ്പെടാതെ പോയത് 39 രൂപ.(മാനേജര്‍ തിരുത്തിയെഴുതി തന്ന ബില്‍ ഇതോടൊപ്പം. കണക്കില്‍ 670 രൂപയെന്ന് കാണിച്ചിരിക്കുന്നത് കൃത്യമല്ല. 668 രൂപയാണ് ഞങ്ങള്‍ അവസാനം നല്‍കിയത്.) കണക്കിലെ കളിയാണെങ്കിലും കമ്പ്യൂട്ടര്‍ പിഴവാണെങ്കിലും ചോദ്യം ചെയ്തപ്പോള്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെടാതെ പോയത് 39 രൂപയാണെങ്കില്‍ അന്ന് രാവിലെ മുതല്‍ ആ ബാറില്‍ കയറി മദ്യവും ഭക്ഷണവും കഴിച്ച, ബില്‍ കൃത്യമായി പരിശോധിക്കാത്ത, വില കൃത്യമായി അറിയാത്ത, എത്രപേര്‍ക്ക് എത്രരൂപ നഷ്ടപ്പെട്ടുകാണും. കമ്പ്യൂട്ടര്‍ ഏതായാലും ആ കാശ് തിരികെ കൊടുക്കാന്‍ വഴിയില്ലല്ലോ. ക്രിസ്താബ്ദത്തിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രാചീന ഗ്രീസ് അഥീനയ്ക്ക് ഒരുപാട് വിശേഷണങ്ങള്‍ ചാര്‍ത്തി ആദരിച്ചെങ്കിലും ചരിത്രം അഥീനയെന്ന ആതന്‍സിന്റെ ആത്മബലത്തെ വിശേഷിപ്പിക്കുന്നത് അകാരണമായ യുദ്ധങ്ങളെ എതിര്‍ത്തവള്‍ എന്ന നിലയിലാണ്. വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തിലും സംഘര്‍ഷം ഒഴിവാക്കാനായും മാത്രം യുദ്ധങ്ങള്‍ ആവാമെന്നായിരുന്നുവത്രെ അഥീനയുടെ നിലപാട്. അത്തരം യുദ്ധങ്ങളിലൂടെ മാത്രമേ പിറവത്തെ അഥീനയില്‍ നിന്നും നീതി ലഭിക്കുകയുള്ളൂവെങ്കില്‍ നമ്മള്‍ പാവം കുടിയന്മാര്‍ക്ക് ഇനി അതല്ലാതെ മറ്റുവഴിയില്ല.

17 comments:

 1. കള്ള് കുടിയന്മാര്‍ക്ക് കുടിച്ച് കഴിഞ്ഞാല്‍ ബോധം കാണീല്ലാ എന്ന് ഷാപ്പ്കാര്‍ക്ക് അറിയാം.കുടി അവസാനിപ്പിക്കുമ്പോഴാണല്ലോ ബില്ല് കൊടുക്കുന്നത്, അപ്പോഴേക്കും ബില്ലില്‍ സൂക്ഷിച്ച് നോക്കിയാല്‍ എല്ലാം ഡബിള്‍ ആയി കാണുമെന്നും അവര്‍ക്കറിയാം. അതറിഞ്ഞോണ്ട് തന്നെയാ വായീ തോന്നുന്നത് കോതക്ക് പാട്ടെന്ന രീതിയില്‍ ബില്ല് നല്‍കുന്നത്.
  ഓ.ടോ.കരുനാഗപ്പള്ളിയില്‍ നിന്നും പിറവത്തേക്ക് ദൂരമെന്ത്?

  ReplyDelete
 2. ഹഹഹഹ
  സമ്പവം അതൊന്നുമല്ലാ , എല്ലാത്തിനും നല്ല് മത്താണ്, മത്താപുകള്‍
  സ്ഥിരം ഇല്ലാ എല്ലാ ദിവസവും ഉണ്ടല്ലെ ഹിഹിഹി

  ReplyDelete
 3. അച്ചായോ.. കൂട്ടുകാരന്‍ പറഞ്ഞ കഥ കൊള്ളാം..
  സംഗതി കള്ളു കുടിയാണേലും അതിലുമൊരു കള്ളമോ..? അരുത്. സമ്മതിക്കരുത്. നല്ല നര്‍മ്മത്തില്‍ പറഞ്ഞ ഈ പോസ്റ്റിന് ആശംസ.

  { ശരീഫ്ക, എന്താ പരിപാടി..?}

  ReplyDelete
 4. കൊള്ളാം കൊള്ളാം കള്ളുകുടി കൊള്ളാം ... സംഭവവും കൊള്ളാം .

  ReplyDelete
 5. ഇതിപ്പോൾ എന്താ ഒരഭിപ്രാ‍യം പറയുക..?
  വിഷയം മദ്യപാനം..

  ഒറ്റക്കാര്യം മാത്രം- മദ്യപാനം ആരോഗ്യത്തിനു ഹാനീകരം -
  എന്നാലും എഴുത്തിന്റെ ആ ഒരു രീതി നന്നായിട്ടുണ്ട്

  ReplyDelete
 6. ശ്ശെ ശ്ശെ കള്ളോ കുടിച്ചു കണക്ക് പറയരുത് എന്നല്ലേ?

  ReplyDelete
 7. എനിക്കൊരിക്കല്‍ നാട്ടില്‍ വെച്ച് ഇത്തരം ഒരു ബില്‍ കിട്ടി . അന്ന് ബാര്‍ കൌണ്ടറില്‍ കൂട്ടുകാര്‍ തെറി അഭിഷേകം നടത്തിയെങ്കിലും ഇപ്പോഴും ഞാന്‍ ബാറിലെന്നല്ല എവിടെ കേറിയാലും ബില്‍ ഒന്ന് രണ്ടു വട്ടം ചെക്ക്‌ ചെയ്യും ,,, നന്നായി എഴുതി ... ആശംസകള്‍

  ReplyDelete
 8. ബോബിചേട്ടന്‍ ആരാ മോന്‍.... ഇത്രേ അല്ലെ സംഭാവിചോല്ലു എന്ന് ഓര്‍ത്തു അഥീന ബാറുക്കാര്‍ക്ക് സമാധാനിക്കാം... :)

  ReplyDelete
 9. മദ്യപാനികള്‍ക്ക്‌ നേരെയുള്ള ചൂഷണങ്ങള്‍ അവസാനിപ്പിക്കുക...
  വിലയില്‍ കൃത്രിമത്വം കാണിക്കുന്ന ബാറുകാരില്‍ നിന്നും മദ്യം പിഴയായി ഈടാക്കാന്‍ മദ്യപാനികള്‍ക്ക്‌ അധികാരം കൊടുക്കുന്ന 'മദ്യപാല്‍' ബില്ല് ഉടന്‍ പാസാക്കുക.....അഖില കേരള മദ്യപാനി അസോസിയേഷന് വേണ്ടി പ്രസിഡന്റ് മദ്യഘോഷ്

  പ്രതികരിച്ച രീതി നന്നായിരിക്കുന്നു മാഷേ...

  ReplyDelete
 10. മദ്യം വിഷമാണ്

  ReplyDelete
 11. മദ്യം വിഷമാണ്..വിഷമവും..പക്ഷെ എഴുത്ത് ഇഷ്ടപ്പെട്ടു..

  ReplyDelete
 12. അഥീനയിലേക്ക് പോകുന്ന ചേട്ടന്മാരെ Be careful !

  ReplyDelete
 13. കമന്റുകള്‍ക്ക് നന്ദി.
  ഇവിടെയാരും കുടിയന്മാരായി ജനിക്കുന്നില്ല.
  ബീവറേജസ് കോര്‍പ്പറേഷനും അതിനു നേതൃത്വം നല്‍കുന്ന സര്‍ക്കാരുമാണ് നമ്മളെ കുടിയന്മാരാക്കുന്നത്.
  അവര്‍ക്കും നന്ദി...

  ReplyDelete
 14. മദ്യം വിഷം.ഇഷ്ടമല്ല പോസ്റ്റ്‌ ഇഷ്ടമായി

  ReplyDelete
 15. മദ്യം വിഷമാണ് കഴിയുന്നതും അത് വര്‍ജിക്കുക ...
  പുതുമയുള്ള എഴുത്ത് .... വായനക്ക് രസമുണ്ട് . ആശംസകള്‍

  ReplyDelete
 16. even iam living close 2 this place

  ReplyDelete