www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Tuesday, November 8, 2011

ജയിലിലേയ്ക്കുള്ള രാജകീയ യാത്ര...


പൊതുപ്രവര്‍ത്തകര്‍ കോടതികളെ ബഹുമാനിക്കണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന നമുക്ക് ആശ്വാസം നല്‍കുന്നു.കോടതിയോടുള്ള  ബഹുമാനത്തിന്റെ അങ്ങേയറ്റത്ത് നിന്നാണല്ലോ സുപ്രിം കോടതി ശിക്ഷിച്ചു ജയിലില്‍ അയച്ച കള്ളന്‍ പിള്ളയെ  ബഹുമാനപ്പെട്ട ഉമ്മന്‍ ചാണ്ടി ജയിലില്‍ നിന്നും പുറത്തു എത്തിച്ചത്. 
കോടതികളെ അധിഷേപിക്കുന്നവര്‍ക്ക് ശിക്ഷ ലഭിക്കുക തന്നെ വേണം. അത് എം വി ജയരാജനായാലും,കെ സുധാകരന്‍ ആയാലും. പക്ഷെ ശിക്ഷിക്കപെട്ട ഒരാള്‍ക്ക്‌ നിയമം അനുശാസിക്കുന്ന അപ്പീല്‍ നല്‍കുന്നതിനുള്ള അവസരം ലഭിക്കാതെ വരുമ്പോള്‍ അത് നീതി നിഷേധമാണന്നു ആര്‍ക്കും തോന്നാം.നാടിനെ നടുക്കിയ പല കേസുകളിലും ശിക്ഷിക്കപ്പെട്ട പലരും മേല്‍കോടതികളില്‍ അപ്പീല്‍ നല്‍കി കാത്തിരിക്കുന്നുണ്ട്.ഇത് ജനങ്ങള്‍ കാണുന്നുമുണ്ട്.കോടതിയലകഷ്യകേസില്‍ ശിക്ഷിക്കപെട്ടു ജയിലില്യ്ക്ക് എം വി ജയരാജിനെ കൊണ്ട് പോയപ്പോള്‍ അദ്ദേഹത്തിനു ലഭിച്ച  സ്വീകരണം കാണുമ്പോള്‍(ജയിലിലേയ്ക്കുള്ള രാജകീയ യാത്ര... ) ഏതെങ്കിലും രാഷ്ട്രീയ നേതാവിന് കോടതിയലക്‌ഷ്യം  ചെയ്യാന്‍ തോന്നിയാല്‍  തെറ്റ് പറയാന്‍ തോന്നുമോ? ആയിരക്കണക്കിനു ജനങ്ങളുടെ ആവേശകരമായ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി തല ഉയര്‍ത്തി പിടിച്ചാണ് ജയരാജന്‍ ജയിലിലേക്ക് യാത്രയായത്.പൊതു നിരത്തുകളില്‍ സമരങ്ങള്‍ നിരോധിച്ച ഹൈ കോടതി വിധിയെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിമര്‍ശിച്ചിരുന്നു.നിയമസഭയില്‍ പ്രമേയവും പാസാക്കി. തീര്‍ച്ചയായും എം.വി.ജയരാജന് രാഷ്ട്രീയമായി ഈ ശിക്ഷ വളരെ പ്രയോജനം ചെയ്യും.ജനദ്രോഹ വിധിക്കെതിരെ പ്രതികരിച്ചതിനാണ് ജയരാജന്‍ ശിക്ഷ ഏറ്റുവാങ്ങിയിരിക്കുന്നത്.എം വി ജയരാജന്‍ ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞു.
കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് "കള്ളന്‍ പിള്ളയെ " ജയിലിലേയ്ക്ക് കൊണ്ടുപോയതും കേരള ജനത ഈ സമയം ഓര്‍ത്ത്‌ പോകുന്നു. കോടതിയെ "ബഹുമാനിക്കുന്ന" സര്‍ക്കാര്‍ സുപ്രിം കോടതി വിധിയെ അട്ടിമറിച്ചു പിന്‍ വാതിലിലൂടെ "പിള്ളയെ"  ഇറക്കി കൊണ്ട് പോകുന്നത് കണ്ടു ജനം അന്തം വിട്ടു നിന്നു. ജഡ്ജിമാര്‍ അഴിമതികാരാണ് എന്ന് പറഞ്ഞ കോണ്ഗ്രസ് നേതാവ് കെ സുധാകരനെതിരെ കേസെടുക്കുവാന്‍ എന്താണ് ബഹുമാനപ്പെട്ട കോടതി തയാറാവാതിരുന്നത് എന്ന് ആര്‍ക്കും സംശയം തോന്നാം.മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുക എന്ന ഒറ്റ ലക്ഷ്യത്തില്‍  മാലോകരെ മുഴുവന്‍ അധിഷേപിച്ചു നടക്കുന്ന പി സി ജോര്‍ജ് സര്‍ക്കാര്‍ ചീഫ് വിപ്പായി നടക്കുന്നു.എം വി ജയരാജന് ലഭിച്ച സ്വീകരണങ്ങള്‍ കാണുമ്പോള്‍ അദ്ദേഹവും(പി സി ജോര്‍ജ്) കോടതിയലക്‌ഷ്യം നടത്തുവാന്‍ സാധ്യതയുണ്ട്.
ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ ജനകീയ പ്രശ്നങ്ങള്‍ പൊതുനിരത്തുകളില്‍ പാടില്ല എന്ന ജനദ്രോഹ ഉത്തരവിനെതിരെ പ്രസംഗിച്ചപ്പോള്‍ ഉണ്ടായ "ശുംഭന്‍ " എന്ന പദ പ്രയോഗത്തെ ആരും ന്യായീകരിക്കുന്നില്ല.പക്ഷെ സുപ്രിം കോടതിയില്‍ അപ്പീല്‍ കൊടുക്കുവാന്‍ ഉള്ള സാവകാശം കൊടുക്കാതിരുന്നത് നീതി നിഷേധം ആണന്നു ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ? ലോകത്തെ മാറ്റിമറിച്ച പല പ്രക്ഷോഭങ്ങളും നടന്നത് പൊതു നിരത്ത് കളിലാണ്. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിനും തുല്യമായ പങ്കാളിത്തമാണ് ഉള്ളത്.സര്‍ക്കാരുകള്‍ എടുക്കുന്ന ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതികരിക്കേണ്ട ഉത്തരവാദിത്ത്വം പ്രതിപക്ഷത്തിനുണ്ട്. ഇങ്ങനെ ഒരു കരി നിയമം ബ്രിട്ടീഷ് കാര്‍ അടിച്ചേല്‍പ്പിചിരുന്നെങ്കില്‍  നമുക്ക് സ്വാതന്ത്ര്യം  കിട്ടുമായിരുന്നോ? കഴിഞ്ഞ ദിവസം പി.സി തോമസ്‌ നല്‍കിയ കേസ് പരിഗണിക്കവേ  പെട്രോള്‍  വിലവര്‍ദ്ധനവിനെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്നു ബഹുമാനപ്പെട്ട ഹൈക്കോടതി  വാക്കാല്‍ പറഞ്ഞതായി പത്രങ്ങളില്‍ വായിച്ചു.ജനങ്ങള്‍ നിരത്തിലിറങ്ങാതെ എങ്ങനെ പ്രതികരിക്കും? എങ്ങനെ പ്രതികരിക്കണമെന്നുകൂടി  ബഹുമാനപ്പെട്ട കോടതിയ്ക്ക് പറയാമായിരുന്നു.എന്തായാലും പെട്രോള്‍ ബഹിഷ്ക്കരിച്ചു  പ്രതികരിക്കാന്‍ പറ്റില്ലല്ലോ? 
കഴിഞ്ഞ ദിവസം ഞങ്ങളുടെ ആദരണീയനായ എം എല്‍ എ യും സംസ്ഥാന മന്ത്രിയുമായിരുന്ന അന്തരിച്ച ശ്രീ ടി എം ജേക്കബിന് ആദരസൂചകമായി പിറവം ജനത ഒന്നടങ്കം ആഗ്രഹിച്ചു നടത്തിയ അനുശോചന യോഗം കോടതിയലക്ഷ്യത്തില്‍ കലാശിച്ചു.യോഗത്തില്‍ പങ്കെടുത്ത ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കടയുടെ വരാന്തയില്‍ നിന്നും പ്രസംഗിക്കേണ്ടി വന്നു. നിയമങ്ങള്‍ എല്ലാം ജനങ്ങള്‍ക്ക്‌ വേണ്ടിയാണ്. നിയന്ത്രണങ്ങള്‍ നല്ലതാണ് പക്ഷെ അത് ജനങ്ങള്‍ക്കും കൂടി തോന്നണം. റോഡുകളില്‍ സമരം ചെയ്യുന്നതില്‍ എതിരഭിപ്രായം ഉള്ളവര്‍ ഒന്ന് മനസിലാക്കണം. നിങ്ങള്‍ അനുഭവിക്കുന്ന പല സേവനങ്ങളും രാഷ്ട്രിയക്കാരും പൊതുപ്രവര്‍ത്തകരും  സമരം ചെയ്തു നേടിയെടുത്തവയാണ്.ജനാധിപത്യത്തില്‍ ആവശ്യം വന്നാല്‍ ജനങ്ങള്‍ തെരുവിലിറങ്ങേണ്ടി വരും.വിമോചന സമരം നടന്ന നാടാണ് കേരളം. ചരിത്രങ്ങളൊന്നും ആരും മറക്കരുത്.

7 comments:

  1. നന്നായി പറഞ്ഞു. ഒന്നും കൂട്ടിച്ചേർക്കുന്നില്ല.

    ReplyDelete
  2. “റോഡുകളില്‍ സമരം ചെയ്യുന്നതില്‍ എതിരഭിപ്രായം ഉള്ളവര്‍ ഒന്ന് മനസിലാക്കണം. നിങ്ങള്‍ അനുഭവിക്കുന്ന പല സേവനങ്ങളും രാഷ്ട്രിയക്കാരും പൊതു പ്രവര്‍ത്തകരും സമരം ചെയ്തു നേടിയെടുത്തവയാണ്.ജനാധിപത്യത്തില്‍ ആവശ്യം വന്നാല്‍ ജനങ്ങള്‍ തെരുവിലിറങ്ങേണ്ടി വരും“

    ReplyDelete
  3. മനസ്സിൽ കരുതുയ കാര്യങ്ങളാണ് റജി പറഞ്ഞത്.

    ReplyDelete
  4. നമുക്ക്, കണ്ണില്ലാത്ത കാതില്ലാത്ത ഈ നീതി ദേവതയെ പടിയിറക്കാം. പകരം നന്നായി കേള്‍ക്കുന്ന, ചുറ്റുപാടിനെ കാണുന്ന ഒരു നീതി ദേവതയെ പ്രതിഷ്ടിക്കാം. മനസിലെങ്കിലും,

    ReplyDelete
  5. ചരിത്രങ്ങള്‍ ഒന്നും ആരും മറക്കുന്നില്ല റെജി, പക്ഷെ ഇതുകൂടി ഒന്ന് വായിച്ചു നോക്കിയാല്‍ കൊള്ളാം...

    ReplyDelete
  6. സമരം, എന്നത് അതാതു കാലങ്ങളില്‍ ജനത അനുഭവിക്കുന്ന അസംതൃപ്തിയുടെ ഉറക്കെപ്പറച്ചിലുകളാണ്.സമയം നിശ്ചയിച്ചു കല്യാണക്കുറിയും അച്ചടിച്ച്‌ സദ്യയും വിളമ്പി നടത്തുന്ന ഒരാഘോഷമോ ആചാരമോ അല്ല. അത്തരുണത്തില്‍ നടത്തപ്പെടെണ്ട/നടത്തപ്പെടുന്ന ഒന്നല്ലാ സമരം. ജനാധിപത്യ പ്രക്രിയകളിലെ സാധാരണ ജനതയുടെ ഇടപെടലും പങ്കാളിത്തവുമാണ് സമരങ്ങള്‍. അതിനെ തിരസ്കരിക്കുന്നതും നിരോധിക്കുന്നതും നമ്മുടെ ജനാധിപത്യത്തിന്‍റെ പരാജയവും മരണവുമാണ്‌.

    ReplyDelete
  7. റജി ഭായി, മുന്‍പിലത്തെ കമന്റില്‍ പേര് മാറിയതാണേ....
    ദീപ എന്നൊരു പെണ്‍കുട്ടിക്കും സ്പന്ദനം എന്നാ പേരില്‍ ഒരു ബ്ലോഗ്‌ ഉണ്ട്...ശ്രദ്ധിച്ചില്ല....ക്ഷമിക്കൂ...

    ReplyDelete